പാലച്ചിറമാട് അപകടം: ബസ്സിന്റെ തകരാറും അശ്രദ്ധമായ ഡ്രൈവിങും അപകട കാരണം

മലപ്പുറം: ദേശീയപാത 66ല്‍ കോട്ടയ്ക്കലിനടുത്ത് പാലച്ചിറമാട് ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും അമ്പതുപേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയതുമായ അപകടത്തിന് കാരണം ബസ്സിന്റെ ബ്രേക്കിങ് സിസ്റ്റത്തിന്റെ തകരാറും അശ്രദ്ധമായ ഡ്രൈവിങുമാണെന്ന് അന്വേഷണ റിപോര്‍ട്ട്. മധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം പി അജിത്കുമാര്‍ അന്വേഷിച്ച് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് പരാമര്‍ശം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സും ബസ്സിന്റെ പെര്‍മിറ്റും സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. അപകടം നടക്കുന്ന സമയത്ത് നല്ല മഴയുണ്ടായിരുന്നു. അനുവദനീയമായ വേഗതയിലാരുന്നില്ല ൈഡ്രവര്‍ വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റം ശരിയായ രീതിയിലായിരുന്നില്ല ഘടിപ്പിച്ചിരുന്നത്. പിറകിലെ ഇടതുവശത്തെ ബ്രേക്ക് ഷൂ കൂടുതലായി തേഞ്ഞുപോയിരുന്നു.
ഇക്കാര്യങ്ങളെല്ലാം ഒരുമിച്ചുവന്നതാണ് അപകടത്തിനിടയാക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കോഴിക്കോടുനിന്നു വാഹനം പുറപ്പെട്ടതു മുതല്‍ ബസ് അപകടകരമായാണ് ഓടിച്ചിരുന്നതെന്നാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ നല്‍കിയ മൊഴി. വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുത്ത ഒരു യാത്രക്കാരി മോശമായ ഡ്രൈവിങ്് കാരണം ഭയന്ന് കോട്ടയ്ക്കലില്‍ ഇറങ്ങാനിരിക്കുകയായിരുന്നു.
വാഹനം ഇടതുവശം ചേര്‍ന്നല്ല പലപ്പോഴും സമയത്തും ഓടിച്ചിരുന്നത്. ഡ്രൈവര്‍മാരുടെ ശമ്പളം കലക്്ഷന്‍ ബത്ത വ്യവസ്ഥയിലാണെന്നതും ലീസിനെടുത്ത് ഓടുന്ന ബസ്സുകള്‍ നിശ്ചിത തുക ഉടമസ്ഥന് നല്‍കണമെന്നതും ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ വാഹനം ഓടിക്കുന്നതിന് കാരണമാവുന്നുവെന്നും റിപോര്‍ട്ടിലുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസ്സുകളിലെ കലക്്ഷന്‍ ബത്ത അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥ നിര്‍ത്തലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്യും.

RELATED STORIES

Share it
Top