പാലങ്ങള്‍ ഉദ്ഘാടത്തിനൊരുങ്ങി

മാനന്തവാടി: വടക്കേ വയനാട്ടില്‍ നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങള്‍ യാഥാര്‍ഥ്യമായി. വര്‍ഷങ്ങളായുള്ള വികസന സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണമാണിത്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. മഴക്കാലത്ത്് വെള്ളം കയറി ഒറ്റപ്പെടുന്ന ഗ്രാമങ്ങളുടെ ദുരിതങ്ങള്‍ക്ക് ഇതോടെ അറുതിയാവും.
ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പനന്തറപ്പാലം
തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വികസന സ്വപ്‌നമാണ് പനന്തറപ്പാലം. ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് ഇവിടെ യാഥാര്‍ഥ്യമാവുന്നത്. നാലു കോടി രൂപ ചെലവിലാണ് പാലം ഉയര്‍ന്നത്. 22.32 മീറ്ററാണ് നീളം. നടപ്പാത ഉള്‍പ്പെടെ 11.05 മീറ്ററാണ് വീതി. മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ പ്രദേശം ഒറ്റപ്പെടുന്ന സാഹചര്യമായിരുന്നു നേരത്തെ. പനന്തറ പ്രദേശത്തെ കൂടാതെ അയനിക്കല്‍, ആലാര്‍, ഇരുമനത്തൂര്‍, എച്ചിപ്പോയില്‍, മണലിമൂല, ആനേരി നിവാസികള്‍ക്കും പാലം ഉപകാരപ്പെടും. സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അഞ്ചു കിലോമീറ്ററോളം ചുറ്റിക്കറങ്ങി മുള്ളല്‍ പാലം കടന്നാണ് പേര്യയില്‍ എത്തുന്നത്.
മഴക്കാലത്ത് വെള്ളം കയറുന്നതിനാല്‍ ജനങ്ങള്‍ക്കായി അധികൃതര്‍ ബോട്ട് സര്‍വീസും ഇവിടെ ഏര്‍പ്പെടുത്താറുണ്ട്. പുതിയ പാലം വന്നതോടെ ഇതില്‍ നിന്നെല്ലാം ഗ്രാമങ്ങള്‍ക്ക് മോചനമായി.
ഇനി ഒറ്റപ്പെടില്ല; ചെറുപുഴയിലും പാലമായി
മാനന്തവാടിയുടെ വിളിപ്പാടകലെയായിരുന്നു ചെറുപുഴ പാലം. പുഴയില്‍ നിന്ന് അധികം ഉയരമില്ലാത്ത പാലമായിരുന്നു ഇവിടെ. മഴ തുടങ്ങുമ്പോഴേക്കും ഒഴക്കോടി, തവിഞ്ഞാല്‍, മുതിരേരി പ്രദേശത്തേക്കുള്ള വഴി രണ്ടായി മുറിയും. പാലത്തിനു മുകളില്‍ വെള്ളം കയറിയാല്‍ പിന്നെ മഴ ശമിക്കുന്നതുവരെ കാത്തിരിക്കണം. അല്ലെങ്കില്‍ കണിയാരം വഴി ചുറ്റിക്കറങ്ങി വേണം മാനന്തവാടി നഗരത്തിലെത്താന്‍.
ഈ പ്രശ്‌നത്തിന് പരിഹാരമായി ചെറുപുഴയില്‍ നാലുകോടി രൂപ ചെലവിലാണ് പാലം യാഥാര്‍ഥ്യമാവുന്നത്. വികസന വഴിയിലെ മറ്റൊരു നാഴികക്കല്ലായി ഈ പാലവും മാറും.

RELATED STORIES

Share it
Top