പാലങ്ങള്‍ അപകടത്തില്‍

കഴിഞ്ഞ മാസം ഇറ്റാലിയന്‍ നഗരമായ ജിനോവയിലെ മൊറാണി പാലം തകര്‍ന്നുവീണ് 43 പേര്‍ കൊല്ലപ്പെടുകയും അനേകം ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഉള്ളില്‍ ഇരുമ്പുകമ്പി വയ്ക്കുന്ന കോണ്‍ക്രീറ്റ് (ആര്‍സി) കൊണ്ടു നിര്‍മിച്ച പാലം തകര്‍ന്നുവീണതിനു കാരണം അതിന്റെ രൂപകല്‍പനയില്‍ വന്ന പിഴവാണെന്നാണ് ഒരുവിഭാഗം കരുതുന്നത്. ഇന്ന് ലോകം മുഴുവന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റിന്റെ ബലത്തെക്കുറിച്ച പുനര്‍ചിന്തയ്ക്കും അതു വഴിവച്ചിട്ടുണ്ട്. ഉള്ളില്‍ ഇരുമ്പുകമ്പി വയ്ക്കുന്ന കോണ്‍ക്രീറ്റ് അതിന്റെ ഘടനയില്‍ തന്നെ ദുര്‍ബലമാവുന്നുവെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥമൂലം കോണ്‍ക്രീറ്റില്‍ അദൃശ്യമായ വിള്ളലുകള്‍ ഉണ്ടാവുകയും അതിലൂടെ വെള്ളം അകത്തു കയറി കമ്പി തുരുമ്പുപിടിക്കുകയും ചെയ്യുന്നു. കേരളത്തില്‍ കണ്ടപോലെ വലിയ വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ തൂണുകളുടെ അടിയിലെ മണ്ണ് നീങ്ങിപ്പോവുന്നതും ഗുരുതരമായ പ്രശ്‌നമാണ്.
ഏഷ്യയിലും അമേരിക്കയിലുമുള്ള പല പാലങ്ങളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പില്‍ 30 ശതമാനം പാലങ്ങളെങ്കിലും പുതുക്കിപ്പണിയേണ്ടതുണ്ട്. പൊതുവില്‍ 100 വര്‍ഷം വരെ ആയുസ്സ് പ്രതീക്ഷിച്ചിരുന്ന പാലങ്ങള്‍ 50-60 വര്‍ഷം മാത്രമേ നിലനില്‍ക്കൂവെന്നാണ് ഇപ്പോള്‍ എന്‍ജിനീയര്‍മാര്‍ കരുതുന്നത്. പാലങ്ങള്‍ സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും സമയത്ത് അറ്റകുറ്റപ്പണികള്‍ ചെയ്യുകയും ചെയ്താല്‍ ആയുസ്സ് നീണ്ടെന്നുവരും.

RELATED STORIES

Share it
Top