പാലക്കാട് സ്വദേശിയുടെ മരണം: ഇടിച്ച ലോറി കണ്ടെത്തി

കണ്ണൂര്‍: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കിടന്നുറങ്ങിയ യുവാവ് വാഹനമിടിച്ചു മരിച്ച കേസില്‍ നിര്‍ത്താതെ പോയ ലോറി കണ്ടെത്തി. തലപ്പാടിയിലെ ടോള്‍ബൂത്തില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ചെക്‌പോസ്റ്റിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു സ്ഥിരീകരണം. കണ്ണൂരില്‍ പൂന്തോട്ടനിര്‍മാണ ജോലിചെയ്തു വന്നിരുന്ന പാലക്കാട് വല്ലപ്പുഴ കുറുവട്ടൂര്‍ കനിയകുളം ഹൗസില്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് പുലര്‍ച്ചെ കാല്‍ടെക്‌സ് കോഫി ഹൗസിന് എതിര്‍വശത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലായിരുന്നു സംഭവം.
റോഡരികില്‍നിന്ന് കിട്ടിയ ഫോണില്‍നിന്ന് അവസാനം വിളിച്ചയാളെ ബന്ധപ്പെട്ടതില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള ലോറിയുടെ ആര്‍സി ഉടമ ഹരിയാന മേവാടി സ്വദേശി മുഹമ്മദ് ഹുസയ്‌നാണ്. കണ്ണൂര്‍ മുതല്‍ സൂറത്കല്‍ വരെയുള്ള ടോള്‍ ബൂത്തുകളിലെ നിരീക്ഷണ കാമറകളും വാഹനങ്ങളും ടൗണ്‍ സിഐ ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍
പരിശോധിക്കുകയുണ്ടായി. ഉണ്ണികൃഷ്ണനെ ഇടിച്ചിട്ട സ്ഥലത്തുനിന്ന് കിട്ടിയ ബംപറിന്റെ കഷണമാണ് യഥാര്‍ഥ വാഹനം കണ്ടെത്താന്‍ സഹായകമായത്. തലപ്പാടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതില്‍ ബംപര്‍ പൊട്ടിയ നിലയില്‍ ഒരുലോറി സിഐ കണ്ടെത്തി. തുടരന്വേഷണത്തിലാണ് ഹരിയാന സ്വദേശിയുടെ ലോറിയാണെന്നു മനസ്സിലായത്. ആര്‍സി ഉടമയെ കണ്ടെത്താന്‍ പോലിസ് ഹരിയാനയിലേക്ക് പുറപ്പെടും.

RELATED STORIES

Share it
Top