പാലക്കാട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍ നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം

തിരുവനന്തപുരം: പാലക്കാട്, മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 2018-19ലെ എംബിബിഎസ് പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടയാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് മാത്രമാണെന്ന് മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എംഎല്‍എ.  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ചിരിക്കുന്ന ന്യൂനതകള്‍ പരിഹരിക്കുന്നതിന് അടിയന്തര  നടപടികള്‍ സ്വീകരിക്കണമെന്നും വി എസ് ശിവകുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലാദ്യമായി എസ് സി വിഭാഗത്തിനു മാത്രമായി 70 ശതമാനം സീറ്റുകള്‍ സംവരണം ചെയ്ത ഏക മെഡിക്കല്‍ കോളജ് ആണ് പാലക്കാട് മെഡിക്കല്‍ കോളജ്. ഈ മെഡിക്കല്‍ കോളജിന്റെ അംഗീകാരം നഷ്ടമായാല്‍ അതു എസ്‌സി വിഭാഗത്തോടു കാണിക്കുന്ന കടുത്ത വഞ്ചനയായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം എംബിബി.സ് പരീക്ഷയില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനാണ് ഒന്നാംറാങ്ക് ലഭിച്ചതും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചതും. മലപ്പുറം പോലൊരു പിന്നാക്ക ജില്ലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും, വിദഗ്ധചികില്‍സ ലഭ്യമാക്കുന്നതിനുമാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആരംഭിച്ചത്.  ഇതു കൂടാതെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ഫീസില്‍ പഠിക്കുന്നതിനും വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓരോ ജില്ലയിലും മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ മെഡിക്കല്‍ കോളജിനും അംഗീകാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരം ലഭ്യമായിട്ടു പോലും തിരുവനന്തപുരത്ത പുതിയ മെഡിക്കല്‍ കോളജ് വേണ്ടെന്നു വച്ചു. ഇതിനു പുറമെ കോന്നി, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുകയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അര്‍ഹരാവുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കുന്നതിനുള്ള അവസരമാണു സര്‍ക്കാര്‍ നടപടികളിലൂടെ നഷ്ടമാവുന്നതെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top