പാലക്കാട് നഗരസഭ: സിപിഎം നിലപാടില്‍ ഉറ്റുനോക്കി കേരളം

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‍മേല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇന്നു ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് സിപിഎം നിലപാടറിയാന്‍.
നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ ചെയര്‍മാന്‍മാരായിട്ടുള്ള ധനകാര്യം, വികസനം, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന സിപിഎം രാഷ്ട്രീയ ലൈന്‍ യുഡിഎഫ് പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഇത് ബിജെപിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്നു രാവിലെ മാത്രമേ നിലപാട് വ്യക്തമാക്കൂ എന്നാണ് സിപിഎം നേതൃത്വം അറിയിച്ചിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് ഇന്നലെ നേതാക്കള്‍ ചര്‍ച്ചചെയ്യുകയും കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ബിജെപിക്കെതിരേ വോട്ട് ചെയ്യണമെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.
അതേ സമയം, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന അഭിപ്രായവും ചിലര്‍ ഉന്നയിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ബിജെപിയെ പരാജയപ്പെടുത്തിയാല്‍ പിന്നെ ഭരണം യുഡിഎഫിനാവും. ഇതുകൊണ്ട് സിപിഎമ്മിന് എന്ത് നേട്ടമാണെന്നാണ് ചിലര്‍ ഉന്നയിക്കുന്നത്.  52അംഗ കൗണ്‍സിലില്‍ ബിജിപിക്ക് 24, യുഡിഎഫ് 18, എല്‍ഡിഎഫ് 9, വെല്‍ഫെയര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.  യുഡിഎഫിന്റെ ഒരംഗത്തിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.

RELATED STORIES

Share it
Top