പാലക്കാട് നഗരസഭ അവിശ്വാസം; ഇന്നു ചര്‍ച്ച

പാലക്കാട്: പാലക്കാട് നഗര സ ഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്നു കൗണ്‍സിലില്‍ ചര്‍ച്ച നടക്കും. എന്നാല്‍, ഇതുവരെ എന്ത് നിലപാടെടുക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല. ബിജെപി അംഗങ്ങള്‍ ചെയര്‍പേഴ്‌സന്മാരായിട്ടുള്ള വികസന, ആരോഗ്യ, ക്ഷേമകാര്യ, മരാമത്ത് സ്ഥിരം സമിതിക്കെതിരെയാണ് യുഡിഎഫ് ആദ്യ ഘട്ടത്തില്‍ അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിട്ടുള്ളത്.
നഗരകാര്യ വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ സാന്നിധ്യത്തിലാണ് ഇന്ന് അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കുക. രാവിലെ 9.30 മുതല്‍ ഓരോ സ്ഥിരം സമിതിക്കുമെതിരെ ചര്‍ച്ച ചെയ്ത് വോട്ടെടുപ്പ് നടക്കും. സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കെതിരെയുള്ള അവിശ്വാസം പാസായാല്‍ വൈസ് ചെയര്‍മാന്‍, ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് യുഡിഎഫ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
അവിശ്വാസപ്രമേയം പാസാവാന്‍ സിപിഎം വോട്ട് ലഭിക്കണം. ഒരു യുഡിഎഫ് കൗണ്‍സിലര്‍ ചികില്‍സയിലായതിനാല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടിസ് പിന്നീട് നല്‍കും.
അവിശ്വാസ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. അംഗങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം വിപ്പും നല്‍കിയിട്ടുണ്ട്. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെയും അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ടെങ്കിലും ഇതിലെ ചര്‍ച്ച മെയ് മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടില്ല. ഈ സ്ഥിരം സമിതിയില്‍ ഭൂരിപക്ഷം യുഡിഎഫിനാണെന്നതിനാല്‍ അവിശ്വാസം പാസാവന്‍ മറ്റുകക്ഷികളുടെ പിന്തുണവേണ്ടെന്നതിനാലാണ് ആദ്യഘട്ടത്തില്‍ നല്‍കാതിരുന്നത്. ഇന്നത്തെ അവിശ്വാസ പ്രമേയത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും.

RELATED STORIES

Share it
Top