പാലക്കാട് കോച്ച് ഫാക്ടറി: പിന്‍മാറിയിട്ടില്ലെന്ന് മന്ത്രി

ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി പദ്ധതിയില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. വിവിധ വശങ്ങള്‍ പരിശോധിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ വികസനത്തിനായി സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പദ്ധതി ഉപേക്ഷിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ടോ എന്ന് പാര്‍ലമെന്റിന്റെ റെയില്‍വേ കണ്‍വന്‍ഷന്‍ കമ്മിറ്റി യോഗത്തില്‍ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറിയതായി കെ സി വേണുഗോപാല്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോച്ച് ഫാക്ടറി ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് അനുവദിക്കില്ലെന്നും റെയില്‍വേ കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗം കൂടിയായ കെ സി വേണുഗോപാല്‍ പറഞ്ഞു. റെയില്‍വേക്ക് ആവശ്യമായ കോച്ചുകള്‍ കപൂര്‍ത്തല, ചെന്നൈ, റായ്ബറേലി തുടങ്ങിയ കോച്ച് ഫാക്ടറികളില്‍ നിന്ന് കിട്ടുന്നുണ്ടെന്നാണ് റെയില്‍വേ ബോര്‍ഡ് റോളിങ് ബോര്‍ഡ് അംഗം രവീന്ദര്‍ ഗുപ്ത  പറഞ്ഞത്. മൂന്നു വര്‍ഷത്തിനുശേഷം പ്രത്യേക ചരക്കുകടത്ത് ഇടനാഴി നിര്‍മാണം റെയില്‍വേ ആരംഭിക്കും. അപ്പോള്‍ കോച്ചുകള്‍ കൂടുതല്‍ ആവശ്യമായിവരുമ്പോള്‍ കഞ്ചിക്കോട് ഫാക്ടറി തുടങ്ങാന്‍ കഴിയുമെന്നുമാണ് ഗുപ്തയുടെ വിശദീകരണത്തില്‍ പറയുന്നത്. ഈ നിലപാട് ഒളിച്ചുകളിയാണെന്ന് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരേ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ഡിഎഫ് എംപിമാര്‍ 22ന് നടത്തുന്ന ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 25ന് യുഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തും. നിലവിലെ ആവശ്യത്തിനുള്ള കോച്ചുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇപ്പോഴുള്ള ഫാക്ടറികള്‍ തന്നെ മതിയെന്നും ഈ സാഹചര്യത്തില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുകയാണെന്നും നേരത്തേ റെയില്‍വേ മന്ത്രി എം ബി രാജേഷ് എംപിക്ക് കത്തു നല്‍കിയിരുന്നു.

RELATED STORIES

Share it
Top