പാലക്കാട്ട് വനപ്രദേശങ്ങള്‍ കാട്ടാന ഭീതിയില്‍

അഗളി: ജില്ലയില്‍ വനപ്രദേശങ്ങളോട് ചേര്‍ന്നു ജനവാസ കേന്ദ്രങ്ങള്‍ കാട്ടാന ഭീതിയില്‍ തന്നെ. ലക്ഷങ്ങള്‍ ചെലവിട്ട് വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോര്‍ജ വേലികളും കിടങ്ങും തകര്‍ത്താണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി നാശം വരുത്തുന്നത്. വേനല്‍ കനത്തതോടെ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കാട്ടാനകളുടെ ശല്യം പതിവായി. ജെല്ലിപ്പാറയിലും പരിസരഗ്രാമങ്ങളിലുമാണു നാല് ആനകള്‍ ഭീതി പരത്തുന്നത്. കഴിഞ്ഞ ദിവസം ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ എല്‍പി സ്‌കൂളിനും സ്‌നേഹഭവന്‍ കോണ്‍വെന്റിനും പരിസരത്തായിരുന്നു ആനകളുടെ വിളയാട്ടം. കോണ്‍വെന്റ് വളപ്പിലെ നൂറ് കണക്കിനു വാഴകളും കശുമാവും ആനകള്‍ നശിപ്പിച്ചു. ഭീതിയോടെയാണു രാത്രി കഴിച്ചുകൂട്ടിയതെന്നു കന്യാസ്ത്രീകള്‍ പറഞ്ഞു.പകലും രാത്രിയും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണു പ്രദേശവാസികള്‍. രാവിലെ പള്ളിയില്‍ പോകാനോ ക്ഷീര സംഘത്തിലേക്കു പാലെത്തിക്കാനോ കഴിയാത്ത സാഹചര്യമാണ്. വരഗംപാടിയിലും ഗോഞ്ചിയൂരിലും ഒരാഴ്ചക്കിടെ മൂന്ന് വീടുകള്‍ ആന തകര്‍ത്തിരുന്നു. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം സ്ഥലത്തെത്തി തുരത്തിയാലും ഇവര്‍ പോയതിനു പിന്നാലെ ആനകള്‍ വീണ്ടുമെത്തുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു. ആനകള്‍ കാടിറങ്ങുന്നതു തടയാന്‍ ശക്തമായ ഉരുക്കുവേലികള്‍ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top