പാലക്കയം ആദിവാസി കോളനിക്കാരുടെ യാത്ര ജീവന്‍ പണയംവച്ച്

നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഉള്‍വനത്തിലുള്ള പാലക്കയം ആദിവാസി കോളനിയിലെ അപകടാവസ്ഥയിലായ ചൂരപ്പുഴ പാലം സംബന്ധിച്ച് നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി അദാലത്ത് നടത്താന്‍ തീരുമാനം. 26ന് രാവിലെ 11ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തുക. സാമൂഹിക പ്രവര്‍ത്തകനും കോഴിക്കോടുള്ള കോളജ് പ്രിന്‍സിപ്പലുമായ പ്രഫ.വര്‍ഗീസ് മാത്യുവിന്റെ പരാതിയെ തുടര്‍ന്നാണു പട്ടിക വര്‍ഗ കമ്മീഷന്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍നിന്നു നാലുകിലോമീറ്റര്‍ കാട്ടിലൂടെ യാത്ര ചെയ്താലാണു പാലക്കയം ആദിവാസി കോളനിയിലെത്തുക. മുതുവാന്‍, കാട്ടുനായ്ക വിഭാഗത്തിലുള്ളവരാണ് ഇവിടെ താമസിക്കുന്നത്.
പാലക്കയം കോളനിയിലേക്കുള്ള പ്രവേശനകവാടമാണ് ഈ പാലം. കാട്ടാനകളിറങ്ങുന്ന വഴിയായതിനാല്‍ യാത്ര ഭീഷണി നിറഞ്ഞതാണ്. 50 കുടുംബങ്ങളുള്ള ഈ കോളനിയില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ താമസിക്കുന്നുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി ആദിവാസികള്‍ പുറലോകവുമായി ബന്ധപ്പെടുന്നത് മുള ഉപയോഗിച്ചുണ്ടാക്കിയ താല്‍കാലിക പാലം കടന്നാണ്. കൈവരികള്‍ ഇല്ലാത്ത ഈ പാലം കടന്നുവേണം ആദിവാസി കുട്ടികള്‍ക്ക് ഏഴുകിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലെത്താന്‍. പാലത്തിന്റെ തൂണുകള്‍ ദ്രവിച്ചിട്ടുണ്ട്. മഴക്കാലമാവുന്നതോടെ വെള്ളത്തിന്റെ കുത്തൊഴുക്ക് ഭീകരമാണ്. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രഫ. വര്‍ഗീസ് മാത്യു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അദാലത്തിന് വിളിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top