പാലം ഒലിച്ചുപോയിട്ട് ദിവസങ്ങള്‍: അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

വടകര: ശക്തമായ മഴയില്‍ വില്യാപ്പള്ളി കായക്കൂല്‍ താഴ കനാലിന് കുറുകെയുള്ള പാലം ഒലിച്ചുപോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി. പാലം ഒലിച്ച് പോയതോടെ മുകളിലത്തെ കോണ്‍ക്രീറ്റ് സ്ലാബും അടിഭാഗത്തെ സിമന്റ് പൈപ്പും ഉള്‍പെടെ അടര്‍ന്നു മാറി വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ കായക്കൂല്‍ ഭാഗത്ത് നിന്നും അരയാക്കൂല്‍ ഭാഗത്തേക്കുള്ള യാത്ര ദുഷ്‌കരമായതായി നാട്ടുകാര്‍ പറയുന്നു.
നാല് ദിവസം മുമ്പാണ് ശക്തമായ മഴയില്‍ പാലം ഒലിച്ച് പോയത്. ഈ ഭാഗത്തേക്ക് വടകര-മാഹി കനാലിന്റെ സൈഡിലൂടെ റോഡുണ്ടെങ്കിലും മഴ പെയ്തതോടെ ഈ റോഡ് മൊത്തെ ചെളിയില്‍ അകപ്പെട്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രദേശവാസികള്‍ ഉപയോഗിച്ച് വരുന്ന വഴിയാണ് ഒലിച്ച് പോയ പാലം. പ്രശ്‌നം പഞ്ചായത്ത് അധികൃതരോടും, കനാല്‍ നിര്‍മാണ വകുപ്പിനോടും അറിയിച്ചെങ്കിലും ഇവര്‍ തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ തെങ്ങിന്‍ കഷ്ണങ്ങളും മറ്റും കൊണ്ട് താല്കാലിക സംവിധാനമൊരുക്കിയിരിക്കുകയാണ് നാട്ടുകാര്‍. പ്രദേശവാസികളും വിശേഷിച്ച് വിദ്യാര്‍ത്ഥികളും പ്രായമായവരും ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. തികച്ചും അപകടാവസ്ഥയിലായ ഈ താല്കാലിക സംവിധാനം പൂര്‍വ്വസ്ഥിതിയിലേക്ക് എത്രയും പെട്ടെന്ന് മാറ്റാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top