പാറ്റൂര്‍ കേസ്: വിധിക്കെതിരേ അപ്പീല്‍ പോവുന്ന കാര്യത്തില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: പാറ്റൂര്‍ കേസിലെ വിധി വിജിലന്‍സിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടിയായപ്പോള്‍ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോവുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം. പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേസുമായി മുന്നോട്ടു പോവുന്നത് സര്‍ക്കാരിന് അനുകൂല ഘടകമാണ്. തണ്ടപ്പേരില്‍ കൃത്രിമം നടന്നു എന്ന് സര്‍ക്കാര്‍ തന്നെ പലവട്ടം കണ്ടെത്തിയ ഭൂമിയില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഫ്‌ലാറ്റ് നിര്‍മാണത്തിനായി മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ല എന്ന് നിരീക്ഷിക്കുമ്പോഴും ഭൂമി കൈയേറ്റം നടന്നു എന്ന കണ്ടെത്തലിനെ ഹൈേക്കാ—ടതിയും തള്ളുന്നില്ലെന്നുള്ളതും അപ്പീല്‍ പോവുന്നതിന് അനുകൂലമാണ്. എന്നാല്‍ അപ്പീല്‍ നല്‍കിയാല്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന നിലപാടായി വ്യാഖ്യാനിക്കുമെന്ന വിലയിരുത്തലാണുള്ളത്. അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ രാഷ്ട്രീയമായി ഉപയോഗിച്ച പാറ്റൂര്‍ കേസ് തെറ്റാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന പ്രശ്‌നവുമുണ്ട്. വിധി അംഗീകരിച്ചാലും അംഗീകരിച്ചില്ലെങ്കിലും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവരും. അപ്പീല്‍ നല്‍കിയാല്‍ നിരന്തരം വിമര്‍ശിക്കുന്ന ജേക്കബ് തോമസിനൊപ്പമാണ് സര്‍ക്കാരെന്ന തോന്നല്‍ ഉണ്ടാവുമെന്ന വാദം മന്ത്രിമാര്‍ക്കിടയില്‍ തന്നെയുണ്ട്. ഒപ്പം കോടതിയില്‍ നിന്ന് സര്‍ക്കാരിന് വിമര്‍ശനം ഏല്‍ക്കേണ്ടിവരുമെന്ന സാഹചര്യവും മുന്‍കൂട്ടി കാണുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒന്നായിരുന്നു പാറ്റൂര്‍ കേസ്. അതുകൊണ്ട് അപ്പീലിന് പോയില്ലെങ്കില്‍ മുമ്പ് ഉന്നയിച്ച പാറ്റൂര്‍ കേസ് തെറ്റാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന പ്രതിസന്ധിയും എല്‍ഡിഎഫിനുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ അപ്പീലിന് പോവണമെന്ന് നിര്‍ദേശിച്ചാല്‍ മാത്രമേ അതേക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് നിയമമന്ത്രി എ കെ ബാലന്റെ നിലപാട്. ചികില്‍സയില്‍ കഴിയുന്ന വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ തിരിച്ചെത്തിയ ശേഷമേ വിഷയത്തിലെടുക്കേണ്ട നിലപാട് വിജിലന്‍സ് തീരുമാനിക്കൂവെന്നാണ് വിവരം.

RELATED STORIES

Share it
Top