പാറ്റൂര്‍ കേസ് റദ്ദാക്കി

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ എന്നിവര്‍ പ്രതികളായ പാറ്റൂര്‍ ഭൂമിതട്ടിപ്പ് ആരോപണത്തിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി. ഊഹാപോഹങ്ങളുടെയും ദുര്‍വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് വിധി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ സി ഭരത് ഭൂഷണ്‍ അടക്കം മൂന്നു പ്രതികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സ്വകാര്യ കമ്പനി കൈയടക്കിവച്ചിരുന്ന വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയിലൂടെ കടന്നുപോയിരുന്ന പൈപ്പ്‌ലൈന്‍ അവിടെ നിന്നു മാറ്റി കമ്പനിക്ക് വലിയ കെട്ടിടമുണ്ടാക്കാന്‍ വേണ്ടി  ഭരത് ഭൂഷണ്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചെന്നും ജലവിഭവമന്ത്രിയെയും സെക്രട്ടറിയെയും അവഗണിച്ച് മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു വിജിലന്‍സ് കേസ്. സ്വകാര്യ കമ്പനിക്ക് ഇതുവഴി 12.75 സെന്റ് ഭൂമി ലഭ്യമായെന്നായിരുന്നു ആരോപണം. ഇങ്ങനെയൊരു കമ്മിറ്റിയുണ്ടാക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ല, പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ് എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് ഉന്നയിച്ചിരുന്നത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഗൂഢോദ്ദേശ്യത്തോടെ ലോകായുക്തയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തി. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന് ചില സര്‍വേ നമ്പറുകള്‍ പറയുന്നുണ്ടെങ്കിലും വാട്ടര്‍ അതോറിറ്റിയുടെയോ സര്‍ക്കാരിന്റെയോ ഭൂമിയിലൂടെയാണ് പൈപ്പ്‌ലൈന്‍ പോകുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥലം വാട്ടര്‍ അതോറിറ്റിയുടെ പേരിലാണെന്നതിനു തെളിവില്ല. പുറമ്പോക്കുഭൂമിയിലൂടെ മാത്രമേ വാട്ടര്‍ അതോറിറ്റി പൈപ്പ്‌ലൈന്‍ സ്ഥാപിക്കൂ എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉടമസ്ഥത അവകാശപ്പെടുന്നത്. ആക്ട് പ്രകാരം ഉടമസ്ഥാവകാശം നിലവിലില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസിനു തന്നെ അടിസ്ഥാനമില്ല. വിവിധ വകുപ്പുകള്‍ തമ്മില്‍ ഈ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വിദഗ്ധ സമിതി രൂപവത്കരിച്ചത്. സമിതിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍  നിയമവിരുദ്ധതയുണ്ടെന്നത് പോലിസ് ഉദ്യോഗസ്ഥന്റെ ഭാവന മാത്രമാണ്. പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത് കമ്പനിയുടെ ഭൂമിയിലൂടെയാണെന്നും അതേസമയം കമ്പനി കുറച്ച് പുറമ്പോക്കുഭൂമി കൈയേറിയെന്നുമാണ് വിദഗ്ധ സമിതി റിപോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഗൂഢാലോചന നടത്തി പൈപ്പ്‌ലൈന്‍ മാറ്റിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ല.  ചീഫ് സെക്രട്ടറിയെടുത്ത തീരുമാനങ്ങള്‍ തന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗം മാത്രമാണെന്നും കോടതി വ്യക്തമാക്കി. തര്‍ക്കത്തിലായ സ്ഥലം വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ളതാണെന്നു കണ്ടെത്തിയാല്‍ പോലും പ്രതികളുടെ നടപടി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. ലോകായുക്ത മുമ്പാകെയും പാറ്റൂര്‍ സംബന്ധിച്ച കേസുകള്‍ നിലവിലുണ്ട്. പൈപ്പ് മാറ്റിയിടലുമായി ബന്ധപ്പെട്ടല്ലാത്ത സ്ഥലം കൈയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലോകായുക്ത മുമ്പാകെയുള്ള കേസുകളില്‍ നടപടികള്‍ തുടരുന്നതിന് ഈ ഉത്തരവ് തടസ്സമാവില്ല.

RELATED STORIES

Share it
Top