പാറ്റൂര്‍ കേസ്: ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹാജരാവണം

കൊച്ചി: പാറ്റൂര്‍ ഭൂമിക്കേസില്‍ വിശദീകരണം നല്‍കാന്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. ഈ മാസം 18നാണ് ജേക്കബ് തോമസ് ഹാജരാവേണ്ടത്. ഈ കേസി ല്‍ ആരോപണ വിധേയമായ ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി ജേക്കബ് തോമസ് നേരത്തേ ലോകായുക്തയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ വാദം കേള്‍ക്കെ വി എസ് അച്യുതാനന്ദനുവേണ്ടി ഹാജരാവുന്ന അഭിഭാഷകന്‍ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്നലെ രേഖകള്‍ പരിശോധിച്ച കോടതി അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് എന്തു കാരണം കൊണ്ട് ജേക്കബ് തോമസ് അങ്ങനെ റിപോര്‍ട്ടില്‍ എഴുതിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. വിശദീകരണം നല്‍കാന്‍ അഭിഭാഷകന് കഴിയാതിരുന്നതിനാലാണ് ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. തിരുവനന്തപുരത്ത് പാറ്റൂരില്‍ ജല അതോറിറ്റിയുടെ സ്വീവേജ് പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസിലെ ആരോപണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ കെ ഭരത്ഭൂഷണ്‍ ആണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top