പാറ്റൂര്‍ കേസ്: ജഡ്ജിമാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസിന്റെ പരാതി

തിരുവനന്തപുരം: പാറ്റൂര്‍ കേസ് പരിഗണിച്ച രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരേ ഡിജിപി ജേക്കബ് തോമസ്.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കു ജേക്കബ് തോമസ് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനുമയച്ചു. ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി കുര്യാക്കോസ് എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി മുഖേനയാണ് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടുള്ളത്. ഗുരുതരമായ പരാതികളാണ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ ഉന്നയിച്ചിട്ടുള്ളത്. പരാതി പരിഗണിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെടുന്നു.
ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തിന് ആവശ്യമായ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. പ്രധാനമായും പാറ്റൂര്‍, ബാര്‍ കോഴ, കെഎം മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ്, കണ്ണൂരില്‍ നടന്ന സ്‌കൂള്‍ യുവജനോല്‍സവവുമായി ബന്ധപ്പെട്ട കേസ്, ഇ പി ജയരാജന്റെ ബന്ധുനിയമന കേസ് തുടങ്ങിയവ പരിഗണിക്കുമ്പോള്‍ തനിക്കെതിരേ കോടതി നിലപാടെടുക്കുകയായിരുന്നു. തന്നെ വ്യക്തിഹത്യ നടത്തുന്ന തരത്തിലാണു കോടതി പലപ്പോഴും നിലപാടെടുത്തത്. കോടതിയുടെ നിലപാടുകള്‍ കാരണം സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തടയപ്പെട്ടതായി ജേക്കബ് തോമസ് പറയുന്നു. ഇതിനേക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷ്യറിയുടെ സ്വാധീനം ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. പ്രധാനപ്പെട്ട കേസുകളെല്ലാം പരിഗണിച്ചത് ഇവരുടെ ബെഞ്ചുകളാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേസുകളില്‍ ഇവരുടെ ഇടപെടലുകള്‍ പരിശോധിക്കണമെന്നും തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top