പാറേമാവില്‍ കുടിവെള്ളമില്ല; കുടിയിലുള്ളവര്‍ സമരത്തിനൊരുങ്ങുന്നു

ചെറുതോണി: ജലവിതരണ സംവിധാനം ഉറപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പാറേമാവ് കുടിയിലുള്ളവര്‍ കുടിവെള്ളത്തിനായി സമരത്തിനൊരുങ്ങുന്നു. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തിനു കൃഷിയിടങ്ങളും കിടപ്പാടവും ദാനം ചെയ്ത കൊലുമ്പന്റെ മക്കളാണ് ശുദ്ധജലത്തിനായി കലക്ടറേറ്റ് സമരത്തിന് തയ്യാറെടുക്കുന്നത്. ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ ആദിവാസി കരിവെള്ളയാന്‍ കൊലുമ്പനോടൊപ്പം പാറേമാവില്‍ കുടിയിരുത്തിയ ആദിവാസികള്‍ക്കാണ് അധികൃതര്‍ ശുദ്ധജലം നിഷേധിച്ചിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പ് കൊലുമ്പന്‍ കോളനിയിലെ മലമുകളില്‍ പഞ്ചായത്തു നിര്‍മിച്ച ടാങ്കിലേക്കു ജല അതോറിറ്റിയുടെ വിതരണ പൈപ്പുകള്‍ വഴി വെള്ളമെത്തിച്ചിരുന്നു. മലയടിവാരത്തു താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ 500 അടിയോളം ദൂരം കാല്‍നടയായി മലമുകളിലെത്തി ടാങ്കില്‍ നിന്നു വെള്ളം ശേഖരിച്ചാണ് ഉപയോഗിച്ചിരുന്നത്. ടാങ്കിലേക്കു വെള്ളമെത്തിച്ചിരുന്ന ജല അതോറിറ്റിയുടെ പൈപ്പുകള്‍ കാലപ്പഴക്കത്തില്‍ തുരുമ്പെടുത്തു വിവിധ സ്ഥലങ്ങളില്‍ പൊട്ടിയതോടെ നേരിയതോതിലാണു വെള്ളം ടാങ്കിലേക്ക് എത്തിയിരുന്നത്.
കാലപ്പഴക്കത്തില്‍ വാട്ടര്‍ ടാങ്കിനു കേടുപാടുകള്‍ വന്നതോടെ വെള്ളം ടാങ്കില്‍ നില്‍ക്കാതെ ചോര്‍ന്നുതുടങ്ങി. ഇതോടെയാണ് ആദിവാസികള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടി തുടങ്ങിയത്. ആദിവാസി കോളനിയില്‍ ആകെയുള്ള 64 കുടുംബങ്ങളും ശുദ്ധജലത്തിനും കുളിക്കുന്നതിനും ദൈനംദിന ആവശ്യങ്ങള്‍ക്കുമായി ഇപ്പോള്‍ ആശ്രയിക്കുന്നതു മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇടുക്കി തടാകത്തെയാണ്. തിരഞ്ഞെടുപ്പു സമയങ്ങളില്‍ കൊലുമ്പന്‍ കോളനിയിലെ കുടികളില്‍ വോട്ടു തേടിയെത്തുന്നവര്‍ നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളാണ് ആവശ്യത്തിനു ശുദ്ധജലവും കൈവശഭൂമിക്കു പട്ടയവും.
എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇവരാരും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എത്താറില്ലെന്നും കോളനി നിവാസികള്‍ പറയുന്നു. കൊലുമ്പന്‍ കോളനിയിലെ ആദിവാസി വീടുകളില്‍ വിതരണ പൈപ്പുകള്‍ സ്ഥാപിച്ചു ശുദ്ധജലമെത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം 23 ലക്ഷം രൂപ പട്ടികവര്‍ഗ വികസനവകുപ്പ് വാഴത്തോപ്പ് പഞ്ചായത്തിനു നല്‍കിയിരുന്നു. എന്നാല്‍, പൈപ്പ് സ്ഥാപിക്കുന്നതില്‍ പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ തര്‍ക്കം രൂപപ്പെട്ടതോടെ പദ്ധതി നടപ്പായില്ല. പൈപ്പ് ഇടുന്നതിനുള്ള കരാര്‍ നല്‍കുന്നതിലൂടെയുള്ള നേട്ടം ലക്ഷ്യംവച്ചാണ് ഇരുവകുപ്പ് അധികാരികളുടെയും അവകാശത്തര്‍ക്കമെന്ന് ആരോപണമുണ്ട്.

RELATED STORIES

Share it
Top