പാറാട് മുസ്‌ലിം ലീഗ് ഓഫിസിനുനേരെ അക്രമം

പാനൂര്‍: പാറാട് ടൗണില്‍ സ്ഥിതിചെയ്യുന്ന മുസ്‌ലിം ലീഗ് പാറാട് ഏരിയാ കമ്മിറ്റി ഓഫിസിന്റെ ഇരുനില കെട്ടിടത്തിനുനേരെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. ചുവരില്‍ ചുവപ്പുചായം പൂശി സിപിഎം പാര്‍ട്ടി ചിഹ്നം വരച്ച സംഘം, വാതില്‍ തകര്‍ത്തുകയറി ഓഫിസിനുള്ളിലും ചായം തേച്ച് വികൃതമാക്കി. വൈദ്യുതി ഉപകരണങ്ങളും പാര്‍ട്ടി നേതാക്കളുടെ ഫോട്ടോകളും നശിപ്പിച്ചു.
കഴിഞ്ഞമാസം സമീപപ്രദേശമായ നോര്‍ത്ത് പാറാടും ലീഗിന്റെ കൊടിമരത്തില്‍ ചുവപ്പ് ചായം തേക്കുകയും കൊടികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പരാതിയില്‍ കൊളവല്ലൂര്‍ പോലിസ് കേസെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പാനൂര്‍ സിഐ വി വി ബെന്നിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ലീഗ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, വി നാസര്‍, പി പി എ ഹമീദ്, മുഹമ്മദ് കാട്ടൂര്‍ പി പി എ സലാം, ഇ എ നാസര്‍, പി കെ ഷാഹുല്‍ ഹമീദ്, ടി കെ ഹനീഫ്, കെ പി സാജു, കരുവാങ്കണ്ടി ബാലന്‍, കെ പി ചന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ മുസ്‌ലിം ലീഗ് പാറാട് ഏരിയാ കമ്മിറ്റിയും കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.

RELATED STORIES

Share it
Top