പാറമടക്കുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്ന് കോടതി

കൊച്ചി: പശ്ചിമഘട്ട സംരക്ഷണ മേഖലയായി ഡോ. കെ കസ്തൂരിരംഗന്‍ സമിതി റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുകയും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്ത 3115 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയില്‍ പാറമടകളും ക്രഷര്‍ യൂനിറ്റുകളും നടത്താന്‍ ലഭിക്കുന്ന അപേക്ഷകള്‍ അധികൃതര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പാറമട ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
പാറമട, ക്രഷര്‍ യൂനിറ്റ് ഉടമകളായ തങ്ങള്‍ക്ക് മൈന്‍സ് ആന്റ് മിനറല്‍സ് ആക്റ്റ് പ്രകാരമുള്ള ലൈസന്‍സുണ്ടെന്നും പരിസ്ഥിതി അനുമതിക്കായി പരിസ്ഥിതി ആഘാത നിര്‍ണയ സമിതിക്ക് അപേക്ഷ നല്‍കിയപ്പോള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. തങ്ങളുടെ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം പരിസ്ഥിതി ലോല മേഖലയായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പ്രദേശമാണോ എന്നു സംശയമുണ്ടെന്ന് പറഞ്ഞാണ് അനുമതി നല്‍കാത്തത്. അതിനാല്‍, ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമല്ലെന്നു വിലയിരുത്തി അപേക്ഷകള്‍ പരിഗണിക്കാന്‍ പരിസ്ഥിതി ആഘാത നിര്‍ണയ സമിതിക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കാന്‍ രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഒരു പരിസ്ഥിതിലോല ഗ്രാമത്തിനകത്തു വീണ്ടും പരിശോധനകള്‍ നടത്തിയിരുന്നതായി കോടതി നിരീക്ഷിച്ചു. ഓരോ പ്രദേശവും വ്യക്തമായി പരിശോധിക്കാനായിരുന്നു ഇത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിസ്ഥിതിലോല ഗ്രാമങ്ങളില്‍ പീരുമേട്, കോന്നി, കൂട്ടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നാണു ഭൂപടം പറയുന്നതെന്നു കോടതി നിരീക്ഷിച്ചു. പക്ഷേ, ഹരജിക്കാരുടെ പ്രദേശങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ല. കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വേണ്ടി ഒരു പ്രദേശത്തെ പരിസ്ഥിതിലോല മേഖലയായി കണ്ടെത്തിയതു കൊണ്ട് മാത്രം കാര്യമില്ല. ഇത്തരത്തിലുള്ള കരട് വിജ്ഞാപനം ഇറക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരമുള്ള നിരവധി കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ വിജ്ഞാപനം ഇറങ്ങേണ്ടത്.
കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത സ്ഥലം എന്തായാലും പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടില്ല. വിജ്ഞാപനം ഇറങ്ങാന്‍ കാലതാമസം ഉണ്ടായി എന്നതു കൊണ്ട് പാറമട, ക്രഷര്‍ യൂനിറ്റ് അപേക്ഷകള്‍ പരിഗണിക്കാതിരിക്കരുത്. പ്രദേശത്തെ പരിസ്ഥിതിലോലമല്ലെന്നു വിലയിരുത്തി അപേക്ഷ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top