പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തിലെ സംയുക്ത തിരുന്നാളാഘോഷം ഭക്തിനിര്‍ഭരമായി

കുന്നംകുളം: പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തിലെ സംയുക്ത തിരുന്നാളാഘോഷം ഭക്തിനിര്‍ഭരം. ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് ആഘോഷിച്ചത്.
ശനിയാഴച്ച രാവിലെ 7 മണിക്ക് സെന്റ് മേരീസ് മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ: മേജോ മരോട്ടിക്കലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് വെഞ്ചിരിപ്പും നടന്നു. വൈകീട്ട് ചിറനെല്ലൂര്‍ ഇടവക ദേവാലയത്തില്‍ നിന്ന് വിശ്വാസികള്‍ അണിനിരന്ന പ്രദക്ഷിണം ദേവാലയത്തില്‍ എത്തി സമാപിച്ചു.
തുടര്‍ന്ന് വിശുദ്ധരുടെ രൂപക്കൂടുകള്‍ എഴുന്നെള്ളിച്ച് വെച്ചു. കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണ ങ്ങള്‍ രാത്രി പള്ളിയിലെത്തി സമാപിച്ച ശേഷം മെഗാ ബാന്റ് മേളം അരങ്ങേറി.തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 7 ന് ദിവ്യബലിയും 10.30 ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയും നടന്നു.തലയോലപറമ്പ് സാന്‍ജോ ആശ്രമം അസിസ്റ്റന്റ് സുപ്പീരിയര്‍ ഫാ.റോജര്‍ വാഴപ്പിള്ളി മുഖ്യകാര്‍മമികനായി. ആലുവ സെന്റ് തോമസ് പ്രോവിന്‍സ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ് മേനോച്ചേരി തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുകുടകളുമേന്തി ഇടവക വിശ്വാസികള്‍ അണിനിരന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു.
വൈകീട്ട് മുവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയുണ്ടായി. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ജിന്റോ ചിറ്റിലപ്പിള്ളി, കൈക്കാരന്‍മാരായ രാജു ജോസ്.ടോളി തരകന്‍, ജനറല്‍ കണ്‍വീനര്‍ സനല്‍ സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച്ച രാവിലെ മരിച്ചവര്‍ക്കു വേണ്ടിയുള്ള ദിവ്യബലിയോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

RELATED STORIES

Share it
Top