പാറന്നൂര്‍ ചിറയെ ജില്ലയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് എംഎല്‍എ

കേച്ചേരി: പാറന്നൂര്‍ ചിറ ജില്ലയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. തൃശൂര്‍ ജില്ലാ പഞ്ചായത്ത്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഇറിഗേഷന്‍ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പാറന്നൂര്‍ ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വാഴാനി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ചിറ പാവങ്ങളുടെ വാഴച്ചാല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സി സി ശ്രീകുമാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനുവദിച്ച 18 ലക്ഷത്തോളം രൂപ ഉപയോഗിച്ച് ഗേറ്റ്, ഓപ്പണ്‍ സ്‌റ്റേജ്, ഫുട്പാത്ത്, ചുറ്റുവേലി, ഇരിപ്പടങ്ങള്‍ എന്നിവ നിര്‍മിച്ചിരുന്നു. ചിറയുടെ ഒരു ഷട്ടര്‍ ഇലക്ട്രിക്കലാക്കു—കയും ചെയ്തിരുന്നു. ചിറയിലേക്ക് കുടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തികളാണ് ഇനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ചിറയിലേക്കിറങ്ങാവുന്ന ചവിട്ടുപടികള്‍, ശൗചാലയങ്ങള്‍, വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കല്‍, ചിറയുടെ ഭിത്തികള്‍ ബലപ്പെടുത്തല്‍, ലഘുഭക്ഷണശാലതുടങ്ങിയ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. മുരളി പെരുനെല്ലി എംഎല്‍എ, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം എന്നിവര്‍ ടൂറിസം, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചിറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി മഹാദേവന്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫിസര്‍ ജാക്‌സണ്‍ ചാലക്കല്‍, പ്രോജക്ട് എഞ്ചിനിയര്‍ പി ശ്രീരാജ്, വാഴാനി ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എന്‍ രാഘവന്‍ എന്നി ഉദ്യോഗസ്ഥരാണ് പാറന്നൂര്‍ ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവലോകനം നടത്താനായി എത്തിയത്. എംഎല്‍എ ഫണ്ട്, എംപി ഫണ്ട് എന്നിവയും പദ്ധതിക്കായി വിനിയോഗിക്കും. ടൂറിസം സാധ്യതയ്‌ക്കൊപ്പം, പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന മാര്‍ഗമെന്ന നിലയിലും പാറന്നൂര്‍ ചിറയ്ക്ക് ഏറെ പ്രധാന്യമുണ്ട്. ചിറ ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും.മണ്ഡലത്തില്‍ നാല് ടൂറിസം പ്രോജക്ടുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു. വാടാനപ്പിള്ളി ബീച്ച്, ഏനമാവ് ബണ്ട് എന്നിവയും നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാറന്നൂര്‍ ചിറ കുടുതല്‍ സൗന്ദര്യവല്‍ക്കരിക്കുകയും വിനോദ സഞ്ചാരത്തിനും, കാര്‍ഷിക മേഖലയ്ക്കും ഒരേ പോലെ ഗുണം ചെയ്യുന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ഉപാധ്യക്ഷന്‍ എന്‍ എ ഇക്ബാല്‍, ചൂണ്ടല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, എം കെ ആന്റണി, ഷൈലജ പുഷ്പാകരന്‍, കൂനംമൂച്ചി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ എം ബി പ്രവീണ്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവരും ചിറ നവീകരണ അവലോകനത്തില്‍ സംബന്ധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടും ഭാവിയില്‍ ഈ പദ്ധതിക്കായി ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ടൂറിസം ഉ—ദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED STORIES

Share it
Top