പാറത്തോട് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു

കാഞ്ഞിരപ്പള്ളി: ഇന്നലെ നടന്ന പാറത്തോട് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. 20 അംഗ പഞ്ചായത്തു സമിതിയില്‍ 10 വോട്ടുകള്‍ നേടി കേരള കോണ്‍ഗ്രസ് എമ്മിലെ ജയാ ജേക്കബ് പഞ്ചായത്തു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതു പ്രതിപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
എസ്ഡിപിഐയിലെ ഏക അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്  എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കും മുമ്പേ കേരള കോണ്‍ഗ്രസ്സിലെ ജയാ ജേക്കബിന്റെ പത്രിക സ്വീകരിച്ചു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. താന്‍ എത്തിയ ശേഷമാണു രണ്ടു നോമിനേഷന്‍ പത്രികകളും തന്റെ കൈയില്‍ കിട്ടിയതെന്ന് വരണാധികാരി വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ബഹളം നിര്‍ത്തിയില്ല. രേഖാമൂലം വരണാധികാരിക്കു പ്രതിപക്ഷം പരാതി നല്‍കുകയും ചെയ്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സരസമ്മ പി കെ ആയിരുന്നു തിരഞ്ഞെടുപ്പില്‍ വരണാധികാരി. പത്രിക നേരത്തെ സമര്‍പ്പിച്ചതുകൊണ്ട് അത് അസാധുവാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ജയാ ജേക്കബിന്റെ പത്രിക തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ റസീന മുഹമ്മദ് കുഞ്ഞിനെ പഞ്ചായത്തു പ്രസിഡന്റായി തിരഞ്ഞെടുക്കണം  എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ വരണാധികാരി ഈ ആവശ്യം അംഗീകരിച്ചില്ല. തന്റെ അറിവില്‍ നടപടിക്രമങ്ങള്‍ സുതാര്യമായിരുന്നുവെന്നും, അതിനാല്‍ പത്രിക സമര്‍പ്പിച്ച രണ്ടു സ്ഥാനാര്‍ഥികളുടെ പേരില്‍ വോട്ടിങ് നടത്തുകയാണെന്നും അറിയിച്ചു.
എന്നാല്‍ വരണാധികാരി ഭരണപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി. പിന്നീട് പഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ ഇരുന്നു മുദ്രാവാക്യങ്ങളും വിളിച്ച് പ്രതിപക്ഷിച്ചു. തുടര്‍ന്ന് വോട്ടിങ് നടത്തിയ വരണാധികാരി കേരള കോണ്‍ഗ്രസ്സിലെ ജയ ജേക്കബിനെ വിജയിയായി പ്രഖ്യാപിച്ചു. ജയ ജേക്കബിനു പോള്‍ ചെയ്ത എല്ലാ വോട്ടുകളും ലഭിച്ചു. 10 വോട്ടുകളാണ് പോള്‍ ചെയ്തത്. എസ്ഡിപിഐ അംഗം വോട്ട് ചെയ്തില്ല.
പഞ്ചായത്ത് ഭരണസമിതിയിലെ കേരള കോണ്‍ഗ്രസ് എമ്മിലെ ആറും, കോണ്‍ഗ്രസ്സിലെ നാലും അംഗങ്ങള്‍ ജയാ ജേക്കബിന് വോട്ട് ചെയ്തു. അഞ്ചു സിപിഎം അംഗങ്ങളും, നാലു സിപിഐ അംഗങ്ങളും ഏക ജനപക്ഷം അംഗവും തിരെഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്നു വര്‍ഷം കേരള കോണ്‍ഗ്രസ്സിനും അവസാന രണ്ടു വര്‍ഷം കോണ്‍ഗ്രസ്സിനുമാണ്. അടുത്ത വര്‍ഷം കോണ്‍ഗ്രസ് അംഗമായിരിക്കും പ്രസിഡന്റായി സ്ഥാനമേല്‍ക്കുക.

RELATED STORIES

Share it
Top