പാറക്കുളങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു

നെടുംകുന്നം: വേനലായതോടെ പാറക്കുളങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. 30 പാറക്കുളങ്ങളാണ് നെടുംകുന്നം, കങ്ങഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. വേനല്‍ അവധി ആരംഭിച്ചതോടെ ഉല്ലാസത്തിനായി കുട്ടികള്‍ പ്രവര്‍ത്തനരഹിതമായ പാറമടകളിലെ പാറക്കുളങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ പാറകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു. നെടുംകുന്നം കൊളത്താപ്പള്ളി സുരേഷ് ബാബുവിന്റെ മകന്‍ കെ ഡി കൃഷ്ണദേവ് (15) ആണ് മരിച്ചത്. കങ്ങഴ പരുത്തിമൂടിനു സമീപത്തെ പാറമടയില്‍ നാലംഗ വിദ്യാര്‍ഥി സംഘം നീന്താനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവര്‍ അപകടത്തില്‍പേട്ട പാറമട പ്രവര്‍ത്തനം നിര്‍ത്തിയിട്ട് 10 വര്‍ഷത്തോളമായി. പാറ പൊട്ടിച്ചെടുത്ത ശേഷം വലിയ കുഴിയായി മാറുന്ന ഇത്തരം പാറക്കുളങ്ങള്‍ക്ക് 100 മുതല്‍ 150 അടി വരെ താഴ്ചയും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളവുമുണ്ട്. എന്നാല്‍ ഇത് മനസ്സിലാക്കാതെ വിദ്യാര്‍ഥികള്‍ നീന്തല്‍ പരിശീലിക്കുന്നതിനും മറ്റുമായി പാറക്കുളങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് അപകടത്തിനു കാരണം.
എന്നാല്‍ ഇവയ്ക്ക് ചുറ്റുമതിലുകളോ അപകട സൂചനാ ബോര്‍ഡുകളോ സ്ഥാപിക്കാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.

RELATED STORIES

Share it
Top