പാര്‍ലമെന്റ് മരവിപ്പിച്ച് സിരിസേന

കൊളംബോ: റെനില്‍ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് മൈത്രിപാല സിരിസേന. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രി സ്ഥാനത്തു അവരോധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. തുടര്‍ന്ന് കാബിനറ്റ് വക്താവ് രജിത സേനരത്‌ന മാധ്യമങ്ങള്‍ക്കു സ്ഥിരീകരണം നല്‍കി.
നവംബര്‍ 16വരെ പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ടെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ശ്രീലങ്കയുടെ ഭരണഘടനപ്രകാരം പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാതെ നിലവിലെ പ്രധാനമന്ത്രിയെ മാറ്റാന്‍ പാടില്ലെന്നാണ്. ഇതനുസരിച്ച് അടിയന്തരമായി പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് ഭൂരിക്ഷം തെളിയിക്കണമെന്ന് റെനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റ് മരവിപ്പിച്ചുകൊണ്ട് പ്രസിഡന്റ് സിരിസേന ഉത്തരവിറക്കിയത്.
2019ലെ വാര്‍ഷിക ബജറ്റിനു മുന്നോടിയായി ശ്രീലങ്കന്‍ പാര്‍ലമെന്റ് നവംബര്‍ 5ന് ചേരേണ്ടതായിരുന്നു. വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യുപിഎഫ്എ) അപ്രതീക്ഷിതമായി പിന്തുണ പിന്‍വലിച്ചത്.
നടപടി ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കുമെന്നാണ് വിവരം.

RELATED STORIES

Share it
Top