പാര്‍ലമെന്റ് തടസ്സപ്പെടുത്തല്‍എംപിമാര്‍ക്ക് സ്പീക്കറുടെ കത്ത്

ന്യൂഡല്‍ഹി: 18നു പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ സഭാനടപടികള്‍ സുഗമമായി കൊണ്ടുപോവുന്നതിന് സഹകരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എംപിമാര്‍ക്ക് കത്തയച്ചു. മുന്‍കാലങ്ങളില്‍ വിവിധ കക്ഷികളില്‍പ്പെട്ടവര്‍ ബഹളമുണ്ടാക്കിയിട്ടുണ്ടെന്ന ന്യായീകരണം പറഞ്ഞ് തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനങ്ങളെ ന്യായീകരിക്കരുതെന്നു ചൂണ്ടിക്കാട്ടിയാണ് സുമിത്ര മഹാജന്‍ എംപിമാര്‍ക്ക് കത്തയച്ചത്.
സഭയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തേണ്ടത് എംപിമാരുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. പാര്‍ലമെന്റിന്റെയും ജനാധിപത്യത്തിന്റെയും യഥാര്‍ഥ പ്രതിച്ഛായ വെളിപ്പെടുത്തേണ്ട ഉചിതമായ സമയം ഇതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന്റെ അന്തസ്സും ബഹുമാനവും ഉയര്‍ത്തിപ്പിടിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും  കത്തില്‍ സ്പീക്കര്‍ വ്യക്തമാക്കുന്നുണ്ട്.
തന്റെ അനുഭവത്തില്‍ ജനങ്ങള്‍ തങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ പ്രകടനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന്റെയും പ്രതിഷേധങ്ങളുടെയും വിശദാംശങ്ങള്‍ മാധ്യമങ്ങളും ജനങ്ങളില്‍ എത്തിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തങ്ങളുടെ പ്രതിനിധികളില്‍ വലിയ പ്രതീക്ഷയുണ്ടെന്നും അവരുടെ വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും സ്പീക്കര്‍ പറയുന്നു.
പാര്‍ലമെന്റിനുള്ളിലെ എംപിമാരുടെ പ്രവൃത്തികളും ചര്‍ച്ചകളും രാജ്യത്തെ യുവാക്കളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന വസ്തുത മറന്നുപോവരുത്. മാന്യനായ ഒരു വ്യക്തി ചെയ്യുന്നത് മറ്റുള്ളവരും ചെയ്യും. അയാള്‍ പുലര്‍ത്തുന്ന നിലവാരമാണ് ലോകം പിന്തുടരുക തുടങ്ങി ഭഗവദ്ഗീതയിലെ ശ്ലോകവും സ്പീക്കര്‍ തന്റെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്ത് 10നു സമാപിക്കും.

RELATED STORIES

Share it
Top