പാര്‍ലമെന്റ് കണ്‍വന്‍ഷനില്‍ ഐക്യത്തെക്കുറിച്ച് സംസാരിച്ചവര്‍ ഗ്രൂപ്പ് പ്രവര്‍ത്തനവുമായി രംഗത്ത്

കാസര്‍കോട്: ജില്ലയിലെ കോ ണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഐക്യമാണ് അനിവാര്യമെന്ന് കഴിഞ്ഞ ദിവസം നടന്ന ജില്ലാ പാര്‍ലമെന്റ് കണ്‍വന്‍ഷനില്‍ സംസാരിച്ച നേതാക്കള്‍ ഗ്രൂപ്പ് പ്രവര്‍ത്തനവുമായി സജീവമായി.
കഴിഞ്ഞ ശനിയാഴ്ച്ച കാഞ്ഞങ്ങാട് വെച്ചായിരുന്നു പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ നടന്നത്. ചെറുവത്തൂരിലും മുളിയാറിലുമാണ് നേതൃത്വത്തെ പോലും വെല്ലുവിളിച്ച് കൊണ്ട് വിമതന്‍മാരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. ചെറുവത്തൂരില്‍ ഫാര്‍മേഴ്‌സ് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും, മുളിയാറില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമാണ് വിമത കൂട്ടായ്മ രൂപപ്പെട്ടിട്ടുള്ളത്.
ഇതില്‍ വിമത കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് മുളിയാറിലെ മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
മുളിയാര്‍ മണ്ഡലം പ്രസിഡന്റ ടി ഗോപിനാഥന്‍ നായരുടെ നേതൃത്വത്തിലാണ് വിമത പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ടി ഗോപിനാഥന്‍ നായര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ ഹക്കീം കുന്നില്‍ കെപിസിസിക്ക് ഞായറാഴ്ച്ച കത്ത് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോലും വേണ്ടെന്ന് വച്ച ഡിസിസി പ്രസിഡന്റിന് നടപടിക്ക എന്തവകാശമെന്നാണ് വിമത നേതാക്കള്‍ ചോദിക്കുന്നത്.
സ്ഥാനമേറ്റതു മുതല്‍ ജില്ലയിലെ പ്രവര്‍ത്തകരെ ഏകോപിക്കാനാവാതെ കടുത്ത പ്രതിസന്ധിയിലാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍. ജില്ലയിലെ വികസന മുരടിപ്പിന് എതിരേ പോലും കോണ്‍ഗ്രസിന് പ്രക്ഷോഭം നടത്താന്‍ സാധിച്ചില്ല. മുളിയാര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഡിസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്തി പട്ടികയിലുള്ള ഭൂരിപക്ഷത്തേയും അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമത പ്രവര്‍ത്തനം നടത്തിയതിനായിരുന്നു നടപടി. ഡിസിസിയെ വെല്ലുവിളിച്ച് മുളിയാര്‍ മണ്ഡലം കമ്മിറ്റി ഇതിനോടകം തന്നെ സ്ഥാനാര്‍ത്തികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
23ന് കാനത്തൂരിലെ ബാങ്ക് ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ്. 4453 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുളിയാര്‍ മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതോടെ യുഡിഎഫിന്റെ ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക നേതാക്കള്‍ക്കിടയിലുണ്ട്. 15 അംഗങ്ങളില്‍ യുഡിഎഫ് 7, എല്‍ഡിഎഫ് 7 ബിജെപി ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. യുഡിഎഫിലെ ഏക കോണ്‍ഗ്രസ് അംഗമായ കാനത്തൂരിലെ ശോഭ പയോലം വിമതര്‍ക്കൊപ്പമാണുള്ളത്. ചെറുവത്തൂരില്‍ വാര്‍ഡുകള്‍ തോറും പ്രിയദര്‍ശിനി സാംസ്‌കാരിക വേദിയുമായി ഐ ഗ്രൂപ്പാണ് നേതൃത്വത്തെ വെല്ലുവിളിക്കുന്നത്. ചെറുവത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത വിഭാഗീയതയാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ താക്കീത് നിലനില്‍ക്കുന്ന വേളയിലും ശക്തമായി തുടരുന്നത്. വാര്‍ഡ് തലങ്ങളില്‍ പ്രിയദര്‍ശിനി സാംസ്‌കാരിക വേദി എന്ന സംഘടനക്ക് രൂപം കൊടുത്ത് ഐ ഗ്രൂപ്പ് പാര്‍ട്ടിയില്‍ പിടിമുറുക്കുവാനുള്ള നീക്കം നടത്തുകയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പടയൊരുക്കം.
ഇതിനിടെ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെഎം കൃഷ്ണഭട്ട് വിഎച്പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടെങ്കിലും നിലവില്‍ ഇതേ കമ്മിറ്റി തുടരുന്നത് ഡിസിസിയുടെ കഴിവ് കേടാണെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ട്. ഇതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടായെങ്കിലും ഡിസിസി നിസംഗതയാണ് അവലംബിച്ചത്.

RELATED STORIES

Share it
Top