പാര്‍ലമെന്റ് ഇടപെടണം: ദലിത് സംഘടനകള്‍

കോട്ടയം: എസ്‌സി, എസ്ടി പീഡനനിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന ആവശ്യവുമായി ദലിത്- ആദിവാസി- ബഹുജന സംഘടനകള്‍ രംഗത്ത്.
വിപുലമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള മറ്റു സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം അതിക്രമം തടയല്‍ നിയമവും പാസാക്കിയത്. ഇരകള്‍ക്കു വേണ്ടി നീതിനിര്‍വഹണം നടത്താന്‍ നിയമത്തില്‍ നിയുക്തമായത് ഉത്തരവാദപ്പെട്ട പോലിസും ഉദ്യോഗസ്ഥരും കോടതിയുമാണ്. ജാതീയമായ മുന്‍വിധി ഇത്തരം സംവിധാനങ്ങളെ സ്വാധീനിക്കാതിരിക്കാന്‍ ശിക്ഷാനടപടി വൈകിക്കുന്ന ഉദ്യോഗസ്ഥരെക്കൂടി പ്രതിയാക്കാനും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നത് എളുപ്പമാക്കാന്‍ ജാമ്യമില്ലാ കുറ്റമാക്കിയതും നിയമത്തിന്റെ പ്രത്യേകതകളാണ്.
എന്നാല്‍, ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് നിഷ്‌കളങ്കരെ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതെന്ന സുപ്രിംകോടതിയുടെ നിരീക്ഷണം ഏകപക്ഷീയമാണെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നീതിവ്യവസ്ഥയ്ക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ സുപ്രിംകോടതി നടത്തിയ കൈയേറ്റം രാജ്യമെമ്പാടും അക്രമത്തെ പ്രോല്‍സാഹിപ്പിച്ചിരിക്കുകയാണ്. വിധി മറികടക്കാനും ജനാധിപത്യം സംരക്ഷിക്കാനും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം. ഇതിനായി ദേശീയതല ക്യാംപയിന്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ഈമാസം 25ന് രാജ്ഭവനിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഗോത്രമഹാസഭാ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍, ഭൂ അധികാരസമിതി നേതാവ് സി ജെ തങ്കച്ചന്‍, സാംബവര്‍ മഹാസഭ ജില്ലാ സെക്രട്ടറി ടി പി കുട്ടപ്പന്‍, കേരള ചേരമര്‍ സംഘം നേതാവ് പി ലീലാമ്മ, ആദിജനസഭ നേതാവ് സി എം ദാസപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top