പാര്‍ലമെന്ററി സമിതി രൂപീകരിക്കണം: കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാട് അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ്. റഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധമന്ത്രിക്കും എതിരേ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയതിനു തൊട്ടുപിറകെയാണ് അഴിമതി സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ബൊഫോഴ്‌സ് കേസില്‍ ചെയ്തതിനു സമാനമായി റഫേല്‍ അഴിമതിക്കേസിലും സംയുക്ത പാര്‍ലമെന്റ് സമിതി രൂപീകരിക്കണമെന്നും വിമാന ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ്സിന്റെ ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടു.
കരാര്‍ സംബന്ധിച്ച് തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തുന്നത്. കരാര്‍ പ്രകാരം റഫേല്‍ ജറ്റ് വിമാനങ്ങളുടെ വില കുറവായിരുന്നെങ്കില്‍ അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രിക്ക് അത് തുറന്നു പറയാമായിരുന്നു. ഇപ്പോള്‍ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അഴിമതി മറയ്ക്കാനുള്ള ശ്രമങ്ങളാണെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി ചര്‍ച്ചകളില്‍ നിന്ന് മോദി ഒഴിഞ്ഞുമാറുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ചാണ് ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. അവകാശലംഘന പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി.
പ്രധാനമന്ത്രിക്കെതിരായ നോട്ടീസ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിരോധമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് ജോതിരാദിത്യ സിന്ധ്യയുമാണ് സ്പീക്കര്‍ സുമിത്രാ മഹാജനു സമര്‍പ്പിച്ചത്.
റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തോട് കള്ളം പറയുകയാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ലോക്‌സഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പറഞ്ഞിരുന്നു. റഫേല്‍ യുദ്ധവിമാന ഇടപാടില്‍ വിമാനങ്ങളുടെ വിലയടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനു വിലക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആ അവകാശവാദം തെറ്റെന്ന് കോണ്‍ഗ്രസ് നേതാവും കേന്ദ്ര മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി പ്രതികരിച്ചിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്തു ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ വില പുറത്തുവിടുന്നതു തടയാനുള്ള വ്യവസ്ഥയുണ്ടെന്ന പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞത്. 2008ല്‍ യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ഒപ്പിട്ട കരാര്‍ ആണ് ബിജെപി സഭയില്‍ ഹാജരാക്കിയത്. ആ കരാറിലെ വ്യവസ്ഥകള്‍ റഫേല്‍ വിമാന ഇടപാടിന് ബാധകമല്ലെന്നായിരുന്നു ആന്റണി അറിയിച്ചത്.

RELATED STORIES

Share it
Top