പാര്‍പ്പിട പദ്ധതിക്ക് 2500കോടി: സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കും

തിരുവനന്തപുരം: ബജറ്റില്‍ പാവങ്ങളുടെ ആനുകൂല്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. നൂറു ശതമാനം പാര്‍പ്പിടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 2500കോടി വകയിരുത്തും. 4 ലക്ഷം രൂപയുടെ വീട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടുകള്‍ക്ക് 2 ലക്ഷം രൂപയും മറ്റുള്ളവയ്ക്ക് ഒരു ലക്ഷവും സര്‍ക്കാര്‍ ധനസഹായം നല്‍കും. ബാക്കി തുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഭൂരഹിതര്‍ക്ക് ഫഌറ്റ് അടിസ്ഥാനത്തിലുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തും.


കിഫ്ബിയുടെ സഹായത്തോടെ മെഡിക്കല്‍ കോളേജിലും ജില്ലാ താലൂക്ക് ആസുപത്രികളിലും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യചികിത്സാ രംഗത്തിന്റെ മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മെഡിക്കല്‍ കോളേജിലും ഓങ്കോളജി വിഭാഗം ആരംഭിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍ സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ ഈ നിലവാരത്തിലുള്ള പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും. ഇതോടെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും പൊതു മേഖലയില്‍ ചികിത്സ നല്‍കാന്‍ സാധിക്കും. ജീവിത ശൈലീ രോഗങ്ങളെ ചെറുക്കുന്നതിന് ജനകീയാരോഗ്യ പദ്ധതി ആവിഷ്‌കരിക്കും. ഭാഗ്യക്കുറിയുടെ ലാഭം പൂര്‍ണമായും ആരോഗ്യ പദ്ധതിക്കായി വിനിയോഗിക്കും. ഇന്ത്യയില്‍ ആദ്യമായി സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top