പാര്‍ട്ണര്‍ കേരള മിഷന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ 2014ല്‍ രൂപീകരിച്ച പാര്‍ട്ണര്‍ കേരള മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മിഷന്‍ രൂപീകരിച്ചത്. എന്നാല്‍ ഒരു പദ്ധതിപോലും നടപ്പാക്കുന്നതിന് മിഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണു പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആസ്തി- ബാധ്യതകള്‍ ഇംപാക്ട് കേരള ലിമിറ്റഡില്‍ നിക്ഷിപ്തമാക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയ സ്ഥാപനങ്ങളില്‍ 150 ഫാര്‍മസിസ്റ്റുകളുടെ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാനായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ മാവോജിയെ നിയമിക്കും. മുന്‍ എംപി എസ് അജയ്കുമാര്‍, അഡ്വ. പി കെ സിജ എന്നിവര്‍ അംഗങ്ങളായിരിക്കും.അഴീക്കല്‍ തുറമുഖ വികസനത്തിന് കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്നും മൂന്ന് സെന്റ് വീതം അനുവദിക്കും.  2005 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥരായ നീരജ് കുമാര്‍ ഗുപ്ത, എ അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, കാളിരാജ് മഹേഷ്‌കുമാര്‍, എസ് സുരേന്ദ്രന്‍, എ വി ജോര്‍ജ് എന്നിവര്‍ക്ക് സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനല്‍ അംഗീകരിച്ചു. യോഗേഷ് ഗുപ്തയെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തും. 2004 ഐപിഎസ് ബാച്ചിലെ അനൂപ് കുരുവിള ജോണ്‍, വിക്രംജിത് സിങ്, പി പ്രകാശ്, കെ സേതുരാമന്‍, കെ പി ഫിലിപ് എന്നിവര്‍ക്ക് ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനും 2000 ഐപിഎസ് ബാച്ചിലെ തരുണ്‍ കുമാറിനെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുമുള്ള പാനലില്‍ ഉള്‍പ്പെടുത്തും. 1988 ഐഎഫ്എസ് ബാച്ചിലെ ബെന്നിച്ചന്‍ തോമസ്, ഗംഗാസിങ് എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലും അംഗീകരിച്ചു.
.

RELATED STORIES

Share it
Top