പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം : നാസിമുദ്ദീന്‍ സിദ്ദീഖിയെയും മകനെയും ബിഎസ് പി പുറത്താക്കിലഖ്‌നോ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നാസിമുദ്ദീന്‍ സിദ്ദീഖിയെയും മകന്‍ അഫ്‌സലിനെയും ബിഎസ്പിയില്‍ നിന്നു പുറത്താക്കി. ബണ്ട സ്വദേശിയായ സിദ്ദീഖിയെ ബിഎസ്പിയുടെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍നിന്നു നീക്കി, മധ്യപ്രദേശിന്റെ ചുമതലയില്‍ നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു അത്. ബിഎസ്പിയുടെ മുസ്‌ലിം മുഖമായിരുന്നു സിദ്ദീഖി. സംസ്ഥാനത്തെ ഒട്ടേറെ അറവുശാലകളില്‍ സിദ്ദീഖിക്ക് പങ്കാളിത്തമുണ്ടെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്രമിശ്ര പറഞ്ഞു. അദ്ദേഹത്തിനു ബിനാമി സ്വത്തുക്കളുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നാസിമുദ്ദീന്‍ ആളുകളില്‍ നിന്നു പണം സ്വീകരിച്ച് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണമതാണ്. ഇത്തരം അച്ചടക്കലംഘനം പാര്‍ട്ടി പൊറുക്കില്ല- മിശ്ര പറഞ്ഞു.  തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ബിഎസ്പി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണി നടത്തിയിരുന്നു. തന്റെ സഹോദരന്‍ ആനന്ദ കുമാറിനെ ഉപാധ്യക്ഷനായി നിയമിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ മേഖല, ജില്ല കോ-ഓഡിനേറ്റര്‍മാരെ പുറത്താക്കുകയും ചെയ്തിരുന്നു. വിവിധ ജാതികളെയും സമുദായങ്ങളെയും സ്വാധീനിക്കുന്നതിനു സാഹോദര്യ സമിതികളും രൂപീകരിച്ചിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലാവട്ടെ 403 സീറ്റുകളില്‍ 19 എണ്ണത്തില്‍ മാത്രമാണു പാര്‍ട്ടി ജയിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതുകൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നായിരുന്നു മായാവതിയുടെ ആരോപണം.

RELATED STORIES

Share it
Top