പാര്‍ട്ടി മുന്‍കൈകള്‍ അരങ്ങ് കൈയേറുമ്പോള്‍

ടോമി മാത്യു
ജനങ്ങള്‍ക്കെന്നെ ഇത്രയധികം ഇഷ്ടമാണെന്ന് അറിഞ്ഞുകൂടായിരുന്നു'- കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കപ്പെടുന്നതിന്റെ തെളിവായി നിരീക്ഷകര്‍ കരുതുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയി സഖാവ് സജി ചെറിയാന്റെ ആദ്യ പ്രതികരണമാണിത്. തീര്‍ച്ചയായും ബാക്കിയൊക്കെ പിറകെ പറഞ്ഞിട്ടുണ്ട്: ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരം, പാര്‍ട്ടിയുടെയും മുന്നണിയുടെയും വര്‍ധിച്ചുവരുന്ന സ്വീകാര്യത... ഏറ്റവും ഉദാരമായ കണക്കുകൂട്ടലില്‍ പാര്‍ട്ടി സ്വയം അനുവദിച്ച പതിനയ്യായിരത്തിന്റെ ഭൂരിപക്ഷത്തില്‍ ആ ചെലവെല്ലാം എഴുതാം.
ഇരുപത്തോരായിരം ഭൂരിപക്ഷത്തോടെയുള്ള അഭൂതപൂര്‍വമായ വിജയത്തിലെ ആ പ്ലസ് ഫാക്ടര്‍, അതു വ്യക്തിഗതമായ ജനസമ്മതി തന്നെ. എന്‍എസ്എസും എസ്എന്‍ഡിപിയും ക്രിസ്ത്യന്‍ സഭകളും ഹൃദയംകൊണ്ട് മാണിസാറുമെന്ന്, ജനങ്ങളുടെ ഈ ഇഷ്ടത്തെ സ്ഥാനാര്‍ഥി തന്നെ ഇനം തിരിച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ജനസമ്മതി, സാന്ത്വന ചികില്‍സ പോലുള്ള മേഖലകളിലെ ഇടപെടലുകള്‍ എന്നൊക്കെയായിരുന്നു ഇലക്ഷന്‍കാലത്ത് മാധ്യമലോകം വിലയിരുത്തിയ ക്രഡന്‍ഷലുകള്‍. രാഷ്ട്രീയം നെടുനായകത്വത്തില്‍ എന്ന മാര്‍ക്‌സിസ്റ്റ് ഉദാത്തത്തെ ഒരരികിലേക്ക് മാറ്റിനിര്‍ത്തിയതുകൊണ്ട് കൂടിയാണ് ചെങ്ങന്നൂരിലെ ചരിത്രവിജയം സാധ്യമായതെന്ന വിലയിരുത്തലാണ് കൂടുതല്‍ പ്രസക്തം.
ആകസ്മികതയല്ല, ആലോചനയാണ് രാഷ്ട്രീയത്തിന്റെ ഈ അരികുവല്‍ക്കരണത്തിനു പിന്നിലെന്നതാണ് വാസ്തവം. മലയാളി മധ്യവര്‍ഗ ഭാവനയുടെ മുട്ടു മൃദുവാകുന്ന ആഖ്യാനങ്ങള്‍, 'കട്ട' രാഷ്ട്രീയത്തിന് പകരംവച്ചാലുള്ള തിരഞ്ഞെടുപ്പ് ഡിവിഡന്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കുറച്ചുനാളുകളായി നന്നായി മനസ്സിലാക്കുന്നുണ്ട്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരേ ഉയരുന്ന പൊതുവികാരത്തെ തന്റെ സാന്ത്വന ചികില്‍സാരംഗത്തെ ഇടപെടലുകള്‍ ഉയര്‍ത്തിക്കാട്ടി പി ജയരാജന്‍ പ്രതിരോധിക്കുന്നതിലും സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിലെ തന്റെ ഇടതുപക്ഷ ഭാവനാരാഹിത്യത്തിന് ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി താന്‍ സ്ഥാപിച്ച സൗജന്യ ഊട്ടുപുരയെക്കുറിച്ചുള്ള ആരാധകരുടെ പ്രകീര്‍ത്തികളാകുന്നതിലും തെളിഞ്ഞുനില്‍ക്കുന്നത് ഈ നരേറ്റീവ് ഷിഫ്റ്റാണ്.
പൗരസമൂഹത്തിനു മേല്‍ തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള അതിക്രമങ്ങളെ ഗുപ്തപ്രവര്‍ത്തനങ്ങളായി ഒതുക്കുകയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പോളിറ്റിയുടെ മൂല്യബോധങ്ങളെ തൃപ്തിപ്പെടുത്താനായി ദീനദയാലുത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ഇരട്ട വ്യക്തിത്വമായി സിപിഎം മാറുകയാണോ?
അധികാരം പ്രഥമ ഭക്ഷണമാക്കിയവരുടെ പൗരജീവിതത്തിലെ ഇടപെടല്‍ മേഖലകള്‍ക്ക് വിപുലീകരണമോ പരിധിയോ വേണ്ടതെന്ന ചോദ്യം പ്രധാനമാണ്. നാളിതുവരെ തങ്ങള്‍ക്കു നേതൃത്വമോ മുന്‍കൈയോ ഇല്ലാതിരുന്ന സാമൂഹികജീവിത ഇടങ്ങളിലേക്ക് സാമ്പ്രദായിക രാഷ്ട്രീയപ്രവര്‍ത്തനം പുതുതായി കണ്ണുപായിക്കുമ്പോള്‍ സൂക്ഷിക്കണം. പൊളിറ്റിക്കല്‍ ക്ലാസ് അവരുടെ ഇടം വിസ്തൃതമാക്കുമ്പോള്‍ സങ്കോചിക്കുന്നത് സിവില്‍ സൊസൈറ്റിയുടെ ഇടമാണ്. കക്ഷിരാഷ്ട്രീയത്തിനും സാമുദായിക പരിഗണനകള്‍ക്കും അതീതമായി പ്രാദേശികമായി സിവില്‍ സമൂഹത്തെ ഒരുമിപ്പിക്കുന്ന കൂട്ടായ്മകളും വേദികളും പാര്‍ട്ടിക്ക് അധീനമാവുന്നതിനെ ഒട്ടും നിര്‍ദോഷമായി കാണാനാവില്ല.
എല്ലാ പാര്‍ട്ടിക്കാര്‍ക്കും പങ്കെടുക്കാവുന്ന സിവില്‍ സൊസൈറ്റി മുന്‍കൈകള്‍ക്ക് പകരമായി സിവില്‍ സമൂഹത്തിന് പങ്കെടുക്കാവുന്ന പാര്‍ട്ടി മുന്‍കൈകള്‍ അരങ്ങ് കൈയേറുന്നത് ആശങ്കയോടെ കാണണം.
കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറുന്നതിന്റെ സൂചനയാണോ ചെങ്ങന്നൂര്‍? ഇല്ല, സമൂഹം അവിടെത്തന്നെ നില്‍പ്പാണ്. അതേ മുന്‍വിധികളോടെ; അതേ മധ്യവര്‍ഗ ബോധ്യങ്ങളോടെ; അതേ ജാതീയവും സാമുദായികവുമായ കുടകളോടെ. മല നീങ്ങിയിരിക്കുന്നു അങ്ങോട്ട്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വ്യവഹാരമാണ് മാറിയിരിക്കുന്നത്.               ി

RELATED STORIES

Share it
Top