പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം: സിപിഎം

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ടി ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍, പ്രവര്‍ത്തകരായ സി സുരേഷ്, എന്‍ സി മുസ്തഫ, കെ ടി ലിഗേഷ്, അനൂപ്, അരുണ്‍നാഥ്, രതീഷ്, കുമാരന്‍ എന്നിവരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്.യുഡിഎഫ് ഭരണകാലത്ത് ലോക്കല്‍ പോലിസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതുമായ കേസാണിത്. യുഡിഎഫ്-ബിജെപി നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യുഡിഎഫ്-ബിജെപി നേതൃത്വവും വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനും യഥാര്‍ഥ പ്രതികളില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ച് സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുന്നത്.തികഞ്ഞ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിബിഐ പാര്‍ട്ടി നേതാക്കളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായിട്ടും കേന്ദ്ര സര്‍ക്കാരിന്റെയും കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇപ്പോള്‍ കൂട്ട അറസ്റ്റ് ഉണ്ടായിരിക്കുന്നത്.സിബിഐ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനും സിപിഎം പ്രവര്‍ത്തകരെ വേട്ടയാടാനുമുള്ള ബിജെപി നേതൃത്വത്തിന്റെ കുടില നീക്കത്തിനെതിരേ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കാനുള്ള സിബിഐ നീക്കത്തിനെതിരേ ശക്തമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top