പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം സിപിഎം അവസാനിപ്പിക്കണം: എന്‍ വേണുവടകര: ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും ആര്‍എംപിഐ യുടെ പാര്‍ട്ടി ഓഫിസുകള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായി അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു ആവശ്യപ്പെട്ടു. ടി പി ചന്ദ്രശേഖരന്‍ ദിനാചരണത്തിന്റെ ഭാഗമായി ഫഌക്‌സ് ബോര്‍ഡുകള്‍ കൂട്ടത്തോടെ നശിപ്പിച്ചതിന് തുടര്‍ച്ചയാണ് ചോറോട് ലോക്കല്‍ കമ്മിറ്റി ഓഫിസും കണ്ണൂക്കരയിലെ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി ഓഫിസും തകര്‍ത്തത്. ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനിടയില്‍ നടക്കുന്ന ഈ അക്രമങ്ങള്‍ നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് വേണു പറഞ്ഞു. പൊതു ജന മധ്യേ പാര്‍ട്ടിയും സര്‍ക്കാറും സ്വീകരിക്കുന്ന നിലപാടുകളുടെ ഭാഗമായി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പാര്‍ട്ടിയെ അക്രമങ്ങള്‍കൊണ്ട് സംരക്ഷിക്കാനുള്ള ശ്രമമാണ് എല്ലായിടത്തും നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളുടെ ഭാഗമായി നടക്കുന്ന അക്രമങ്ങള്‍ക്ക് ശക്തമായ നിലപാട് സ്വീകരിക്കാന്‍ പൊലിസ് തയ്യാറാവണമെന്നും എല്ലാ ജനാധിപത്യവിശ്വാസികളെയും കൂട്ടിയോജിപ്പിച്ച് ഈ കാടത്തത്തിനെതിരെ പോരാടുമെന്നും എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top