പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല: എസ്ഡിപിഐ

പാലക്കാട്: എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ ദിവസം നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ മറപിടിച്ച് സിപിഎമ്മും പോലിസും ഒരുമിച്ച് എസ്ഡിപിഐക്കെതിരേ നടത്തി കൊണ്ടിരിക്കുന്ന പകതീര്‍ക്കല്‍ രാഷ്ട്രീയം വിലപ്പോവില്ലന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. പോലിസ് തേര്‍വാഴ്ച്ചക്കെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് നടന്ന പ്രതിഷേധറാലിയെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയും എസ്എഫ്‌ഐയും തമ്മില്‍ മഹാരാജാസ് കോളജില്‍ സംഘര്‍ഷം നടന്നിട്ടില്ല. എസ്എഫ്‌ഐ തന്നെ മനപൂര്‍വ്വമായി ഉണ്ടാക്കിയ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെടുന്നത്. കൊലപാതകത്തിന്റെ കാരണക്കാര്‍ എസ്എഫ്‌ഐ ആണെന്ന് കേരളത്തിന്റെ പൊതു സമൂഹം വിധിയെഴുതിയിട്ടും സിപിഎം പോലിസിനെ ഉപയോഗിച്ച് നരവേട്ട നടത്തുന്നത് രാഷ്ട്രീയ പാപരത്വമാണ്. എസ്ഡിപിഐയുടെ ജനകീയതയെ ഇല്ലാതാക്കാനുള്ള ശ്രമം കേരളത്തില്‍ നടക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ടൗണ്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാരംഭിച്ച റാലി സ്റ്റേഡിയം സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സെക്രട്ടറിമാരായ മജീദ് കെ എ, സഹീര്‍ ബാബു, ട്രഷറര്‍ അഷ്‌റഫ് കെ പി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top