പാര്‍ട്ടികള്‍ ചര്‍ച്ച തുടങ്ങി; നിര്‍ണായകമായി എസ്ഡിപിഐ

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനോട് മുന്നോടിയായുള്ള ചര്‍ച്ചകള്‍ സജീവമായി. കോണ്‍ഗ്രസ്, സിപിഎം, മുസ്്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളെല്ലാം നിലവിലെ സാഹചര്യം വിലയിരുത്തി. നിലവില്‍ ഒരംഗമുള്ള എസ്ഡിപിഐയുടെ നിലപാടും നിര്‍ണായകമാണ്. കോണ്‍ഗ്രസ്സുമായി ചേര്‍ന്നുള്ള കൂട്ടുഭരണം തുടരുന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന സോളാര്‍കേസ്, വി ടി ബല്‍റാം തുടങ്ങിയ വിഷങ്ങളുടെ പാശ്ചാത്തലത്തില്‍ ഇനിയും കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുന്നതിനോട് സിപിഎമ്മിനുളളില്‍ ഭിന്നാഭിപ്രായമുയര്‍ന്നിരിക്കുകയാണ്. നിലവില്‍ മതേതര വികസന മുന്നണിയായാണു കോണ്‍ഗ്രസ്- സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
കോണ്‍ഗ്രസ്-ഇടത് നേതൃത്വത്തിലുള്ള മതേതര വികസന മുന്നണിയാണു രണ്ടുവര്‍ഷമായി നഗരസഭ ഭരിക്കുന്നത്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ പരസ്പരം വച്ചുമാറുക എന്നതായിരുന്നു ഇരുമുന്നണികളും തമ്മില്‍ തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ ധാരണ.
ഇതനുസരിച്ച് കോണ്‍ഗ്രസ്സിനു ലഭിച്ച സമയപരിധി കഴിഞ്ഞ് ചെയര്‍മാനും, സിപിഎം വൈസ് ചെയര്‍പേഴ്‌സണും രാജിവച്ചിരിക്കുകയാണ്. പുതിയ ചെയര്‍മാനെ കണ്ടെത്തുന്ന തിരക്കിലാണ് പാര്‍ട്ടികള്‍. ഇതിനിടയിലാണ് നിലവില്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ സംസ്ഥാന തലത്തിലുണ്ടായ രാഷ്ട്രീയ ശത്രുത മൂര്‍ച്ഛിച്ചത് നഗരസഭയുടെ കൂട്ടുകെട്ടിനേയും ബാധിക്കുമെന്ന സ്ഥിതിയിലായത്. സോളാര്‍ കേസിനു പിറകെ, സിപിഎം ആചാര്യന്‍ എകെജിക്കെതിരെയും, പാര്‍ട്ടിക്കെതിരെയും കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങള്‍ സിപിഎമ്മിനെ പൊള്ളിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ്സിനെ പിന്തുണയ് ക്കുന്നതിനോട് പ്രാദേശിക ഘടകങ്ങളില്‍ പോലും വിമര്‍ശനവും മുറുമുറുപ്പുമുണ്ട്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രദേശിക വിഷയങ്ങളിലൂടെ യോജിച്ച് കോണ്‍ഗ്രസ്സുള്‍പ്പെട്ട മുന്നണിയില്‍ അധികാരത്തിലേറെയതിനെ അനുകൂലിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചവര്‍ അധികാരത്തിലേറെയുണ്ടന്ന നിലപാടാണ് സിപിഎമ്മിനുള്ളിലുള്ളത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് ബന്ധം വഷളാക്കി യുഡിഎഫ് ബന്ധം തകര്‍ത്തത്. പിന്നീട് മുസ്‌ലിംലീഗ് ഒറ്റക്കും, കോണ്‍ഗ്രസ് ഇടതുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയുമാണ് മല്‍സരിച്ചത്.
നഗരസഭയില്‍ യുഡിഎഫ് ബന്ധംവന്നാല്‍ നിലവിലെ ഭരണ സമിതിയുടെ അധികാരം നഷ്ടപ്പെടും. നിലവില്‍ മുസ്‌ലിംലീഗ് 18, കോണ്‍ഗ്രസ്- ഇടത് 21, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗത്തിന്റെ വോട്ടു നിര്‍ണായകമാവും.

RELATED STORIES

Share it
Top