പാര്‍ക്കിങ് നടുറോഡില്‍; നഗരത്തില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു

കാസര്‍കോട്: നഗരത്തില്‍ വാഹന പാര്‍ക്കിങ് തോന്നും പോ ലെ.  ഇതോടെ ഗതാഗത കുരുക്ക് പതിവായി. ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസുകാരില്ലാത്തതും ഹോഗാര്‍ഡുകളെ അനുസരിക്കാന്‍ വാഹന ഉടമകള്‍ തയ്യാറാകാത്തതുമാണ് നഗരത്തിലെ ട്രാഫിക് സംവിധാനം താളം തെറ്റാന്‍ കാരണമാവുന്നത്. ട്രാഫിക് സര്‍ക്കിള്‍ മുതല്‍ ട്രാഫിക് ഐലന്റ് വരെയുള്ള എംജി റോഡിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് തലങ്ങും വിലങ്ങും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കെപിആര്‍ റാവു റോഡില്‍ സ്വകാര്യ ഷോപിങ് കോംപ്ലക്‌സുകളുടെ മുന്‍വശങ്ങളില്‍ അലക്ഷ്യമായി വാഹനം നിര്‍ത്തിയിടുന്നതാല്‍ ഈ റോഡില്‍ സധാസമയവും ഗതാഗത കുരുക്കാണ്.
എന്നാല്‍ ജില്ലാ ആസ്ഥാന നഗരിയില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസുകാരില്ല. ഹോംഗാര്‍ഡുകളാണ് ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്നത്്. ഇന്നലെ ഉച്ച മുതല്‍ പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡിന് സമീപം രണ്ട് കാറുകള്‍ മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇത് തിരക്കേറിയ സ്ഥലത്ത് ഗതാഗത കുരുക്കിന് കാരണമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ്് ഇക്കാര്യം ട്രാഫിക് പോലിസിനെ അറിയിച്ചെങ്കിലും വൈകീട്ട് 4.45 ഓടെയാണ് പോലിസ് എത്തിയത്.
ഇതിനിടയില്‍ ഒരു കാറിന്റെ ഉടമസ്ഥനെത്തി കാര്‍ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഹോം ഗാര്‍ഡ് പിന്തുടര്‍ന്ന് കാറിനെ പിടികൂടി. പിന്നീട് കാര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. ഇതേ ജങ്ഷനില്‍ നിര്‍ത്തിയിട്ട മറ്റൊരു കാര്‍ വൈകീട്ടും നീക്കം ചെയ്തില്ല. കെപിആര്‍ റാവു റോഡില്‍ ഇന്നലെ ഉച്ച മുതല്‍ നിര്‍ത്തിയിട്ട കാര്‍ വൈകീട്ട് അഞ്ചോടെയാണ് പോലിസെത്തി നീക്കം ചെയതത്.
കെഎസ്ആര്‍ടിസി ബസുകളടക്കം പോകുന്ന ഈ റോഡില്‍ ഏറെ സമയം ഗതാഗതം നിലച്ചു. റമദാന്‍ ആഗതമാവുന്നതോടെ നഗരത്തില്‍ കൂടുതല്‍ ഗതാഗകുരുക്ക് അനുഭവപ്പെടും. എന്നാല്‍ പോലിസിന്റെ കുറവ് മൂലം ഇവിടെ ട്രാഫിക് പരിഷ്‌കരണം ചുവപ്പ് നാടയിലാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലം അധികൃതര്‍ കണ്ടെത്താത്തതാണ് ഗതാഗത കുരുക്കിന് കാരണമാവുന്നത്. മാത്രവുമല്ല വഴിയോര കച്ചവടം സജീവമായി നടക്കുന്നുണ്ട്. ഇതോടെ കാല്‍നടയാത്രക്കാരാണ് നടന്നുപോവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്.
ഓട്ടോ റിക്ഷാ-ടാക്‌സി സ്റ്റാന്റുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഡ്രൈവര്‍മാരും ബുദ്ധിമുട്ടുന്നു. വാഹനങ്ങള്‍ക്ക് അടിയന്തിരമായി സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് വ്യാപാരികളുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.

RELATED STORIES

Share it
Top