പാര്‍ക്കിങ് ഏരിയ കച്ചവടക്കാര്‍ കൈയടക്കി ; ജനം ദുരിതത്തില്‍മാനന്തവാടി: നഗരത്തില്‍ എത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ നെട്ടോട്ടമോടുമ്പോള്‍ പാര്‍ക്കിങ് ഏരിയകള്‍ ഒരു വിഭാഗം ആളുകള്‍ കൈയടക്കി. കോഴിക്കോട് റോഡില്‍ ലത്തീന്‍ പള്ളിയുടെ സ്ഥലം മണ്ണെടുത്ത് വീതി കൂട്ടി ടാറിങ് നടത്തിയാണ് പാര്‍ക്കിങിനായി സൗകര്യമൊരുക്കിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നര ആഴ്ച മുമ്പാണ് സൗകര്യമൊരുങ്ങിയത്. ഇപ്പോള്‍ നഗരത്തിലെ കച്ചവടക്കാരുടെയും ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോവുന്നവരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമായി ഇവിടം. അതിരാവിലെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ രാത്രിയാണ് കൊണ്ടുപോവുന്നത്. നഗരത്തില്‍ സ്റ്റാന്റുള്ള ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ പോലും ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം നഗരത്തിലെത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യാനാവാതെ വലയുകയാണ്. അതുകൊണ്ടു തന്നെ ഇവിടെ പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പൊതുമരാമത്ത് വകുപ്പാണോ നഗരസഭയാണോ ഇതിന് മുന്‍കൈയെടുക്കേണ്ടതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം ഉണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top