പാരിസ് 1968

19ാം നൂറ്റാണ്ടില്‍ കലാപങ്ങളുടെ നഗരമായിരുന്നു പാരിസ്. 1789ലെ ഫ്രഞ്ച് വിപ്ലവത്തിനുശേഷം പാരിസ് തെരുവുകള്‍ ഉറങ്ങുകയുണ്ടായില്ല. 1848ല്‍ തൊഴിലാളി കലാപങ്ങള്‍ പടര്‍ന്നുപിടിച്ചു. 1876 മാര്‍ച്ചില്‍ നഗരം തൊഴിലാളികള്‍ പിടിച്ചെടുത്ത് ഭരണം തുടങ്ങി. പാരിസ് കമ്മ്യൂണ്‍ എന്ന പേരിലാണ് ഈ സംഭവം അറിയപ്പെടുന്നത്. പക്ഷേ, എല്ലാ കലാപങ്ങളും അവസാനിച്ചത് രക്തച്ചൊരിച്ചിലിലും പരാജയത്തിലുമാണ്.
രണ്ടാം ലോകയുദ്ധത്തിനുശേഷം ചാള്‍സ് ദെഗോള്‍ ആണ് ഫ്രാന്‍സ് ഭരിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദെഗോള്‍ ഭരണത്തിനെതിരേയാണ് 1968 മെയില്‍ പാരിസില്‍ വീണ്ടും കലാപം ആരംഭിച്ചത്. സര്‍വകലാശാലകളും സ്‌കൂളുകളും വിട്ടിറങ്ങിയ വിദ്യാര്‍ഥികളും തൊഴില്‍ശാലകളില്‍ നിന്നു പുറത്തുവന്ന തൊഴിലാളികളുമാണ് കലാപം നയിച്ചത്. ഒന്നരമാസം നീണ്ടുനിന്ന കലാപം ആധുനിക ചരിത്രത്തിലെ വലിയ വിമോചനപ്പോരാട്ടങ്ങളിലൊന്നായി അറിയപ്പെടുന്നു.
കലാപം കഴിഞ്ഞ് ഇപ്പോള്‍ 50 വര്‍ഷമാവുന്നു. കലാപംകൊണ്ട് എന്തുനേട്ടമുണ്ടായി എന്ന ചോദ്യം സ്വാഭാവികം. തൊഴിലാളികളും വിദ്യാര്‍ഥികളും ഒന്നിച്ചൊന്നായി മുന്നേറി എന്ന് സഖാക്കള്‍ പറയുമെങ്കിലും വസ്തുത അതായിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍. ഏതായാലും ഫ്രാന്‍സ് അതിന്റെ വിപ്ലവകരമായ ഓര്‍മകള്‍ അയവിറക്കുകയാണ്. തോറ്റുപോയെങ്കിലും കലാപം പുതിയൊരു സമൂഹത്തിനു വേണ്ടിയുള്ള ജനതയുടെ തീവ്രമായ അഭിലാഷത്തെയാണ് പ്രതിഫലിപ്പിച്ചത്.

RELATED STORIES

Share it
Top