പാരിസില്‍ യുവതി ട്രെയിനില്‍ പ്രസവിച്ചു; കുട്ടിക്ക് 25 വര്‍ഷം സൗജന്യ യാത്ര

പാരിസ്: നഗരത്തിലെ തിരക്കേറിയ റൂട്ടുകളിലൊന്നില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതി ആണ്‍കുഞ്ഞിന് ജന്‍മംനല്‍കി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ ജനിച്ച കുഞ്ഞിന് പാരിസ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതരുടെ വക 25 വര്‍ഷത്തെ സൗജന്യ യാത്രയും സമ്മാനമായി ലഭിച്ചു. യുവതിക്കു പ്രസവവേദന കലശലായതോടെ തൊട്ടടുത്ത സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ ജീവനക്കാരുടെയും അടിയന്തര വൈദ്യസഹായ സംഘത്തിന്റെയും പോലിസിന്റെയും സഹായത്തോടെയാണു പ്രസവം നടന്നത്.
അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് തിരക്കേറിയ റൂട്ടില്‍ ഇരുവശങ്ങളില്‍ നിന്നുമുള്ള ട്രെയിനുകള്‍ 45 മിനിറ്റോളം തടഞ്ഞുനിര്‍ത്തി. പ്രസവം നടക്കുമ്പോള്‍ ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ പുറത്തിറക്കിയിരുന്നു. അമ്മയെയും കുഞ്ഞിനെയും അഭിനന്ദിച്ച പാരിസ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ കുഞ്ഞിന് 25 വയസ്സുവരെ സൗജന്യ യാത്രയും വാഗ്ദാനം ചെയ്തു. യുവതിയെയും കുഞ്ഞിനെയും ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും കുഴപ്പങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top