പാരിസില്‍ ബോംബാക്രമണത്തിന് പദ്ധതി; പിന്നില്‍ ഇറാനെന്ന് ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സില്‍ പുറത്താക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിനു പിന്നില്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയമെന്ന് ഫ്രാന്‍സ്. ഇതേത്തുടര്‍ന്ന് തെഹ്‌റാന്‍ ഇന്റലിജന്‍സ് സര്‍വീസിന്റെയും രണ്ട് ഇറാന്‍ പൗരന്‍മാരുടെയും ഫ്രാന്‍സിലെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതായി ഫ്രാന്‍സിലെ ആഭ്യന്തര-സാമ്പത്തികകാര്യ മന്ത്രിയും വിദേശകാര്യമന്ത്രിയും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ ഫ്രാന്‍സിന്റെ ആരോപണം ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. ചര്‍ച്ചയ്ക്കായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന രണ്ടുപേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുമായി ബ്രസല്‍സില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ബെല്‍ജിയം ജൂലൈയില്‍ ആണ് അറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിയന്നയിലെ ഇറാനിയന്‍ നയതന്ത്രജ്ഞന്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഫ്രാന്‍സിന്റെ വെളിപ്പെടുത്തല്‍ സാരമായി ബാധിക്കുക ഇറാന്‍ ആണവ കരാറിനെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 2015 ആണവകരാറില്‍ നിന്ന് നേരത്തെ യുഎസ് പിന്‍വാങ്ങിയിരുന്നു. കൂടാതെ ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു.

RELATED STORIES

Share it
Top