പാരിസിലും പാസായി റയല്‍ ക്വാര്‍ട്ടറില്‍, ചെമ്പടയ്ക്കും ക്വാര്‍ട്ടര്‍ യോഗ്യത


പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ച് റയല്‍ മാഡ്രിഡ്. രണ്ടാം പാദ മല്‍സരത്തില്‍ പിഎസ്ജിയെ അവരുടെ തട്ടകത്തില്‍ 2-1ന് തകര്‍ത്താണ് റയലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ പാദത്തില്‍ 3-1ന് വിജയിച്ച റയല്‍ അഗ്രിഗേറ്റില്‍ 5-2നാണ് വിജയം സ്വന്തമാക്കിയത്.
ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മല്‍സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. നെയ്മറിന്റെ അഭാവം നിറഞ്ഞ് നിന്ന പിഎസ്ജി ടീമിനെ ഞെട്ടിച്ച് ആദ്യ വലകുലുക്കിയതും റയല്‍ മാഡ്രിഡാണ്. 51ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്കസിന്റെ ക്രോസിനെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന് ലീഡ് സമ്മാനിച്ചത്. റൊണാള്‍ഡോയുടെ ഈ സീസണിലെ 12ാം ചാംപ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്.  ശക്തമായി തിരിച്ചടിച്ച പിഎസ്ജിക്ക് വേണ്ടി 71ാം മിനിറ്റില്‍ എഡിസണ്‍ കവാനി ലക്ഷ്യം കണ്ടു. എന്നാല്‍ 80ാം മിനിറ്റില്‍ കാസമിറോയും ലക്ഷ്യം കണ്ടതോടെ ജയം റയലിനൊപ്പം നില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ എട്ടാം തവണയാണ് റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എത്തുന്നത്.

ആദ്യ പാദത്തിന്റെ കരുത്തില്‍ ലിവര്‍പൂള്‍

അതേ സമയം ആദ്യ പാദത്തില്‍ നേടിയ വിജയത്തിന്റെ കരുത്തിലാണ് ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ പോര്‍ട്ടോയുമായി ഗോള്‍ രഹിത സമനില വഴങ്ങിയെങ്കിലും ആദ്യ പാദത്തില്‍ നേടിയ എതിരില്ലാത്ത അഞ്ച് ഗോള്‍ ജയം ലിവര്‍പൂളിന് കരുത്താവുകയായിരുന്നു.2008ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്.

RELATED STORIES

Share it
Top