പാരിപ്പള്ളി മെഡിക്കല്‍ കോളജ് പ്രവേശനാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കണം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ന്യൂഡല്‍ഹി: പാരിപ്പള്ളി മെഡിക്കല്‍ കോളജിന് രണ്ടു വര്‍ഷത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം നിരാകരിക്കണമെന്നും പ്രവേശനാനുമതി നല്‍കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.   സുപ്രിംകോടതി മേല്‍നോട്ട സമിതിയുടെ നിര്‍ദേശപ്രകാരം വ്യവസ്ഥകളോടെയാണ് കേന്ദ്രസര്‍ക്കാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിന് 2017-18 അധ്യയന വര്‍ഷത്തെ പ്രവേശനാനുമതി നല്‍കിയത്. കുറവുകള്‍ ചൂണ്ടിക്കാട്ടി പരിശോധനാ സംഘം റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ രണ്ടു വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ചത്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചു ചികില്‍സ നല്‍കുന്നതില്‍ വന്ന വീഴ്ചയാണ് കണ്ടെത്തിയ കുറവുകളില്‍ ബഹുഭൂരിപക്ഷവും. ഇവ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നവയാണ്. ഈ പശ്ചാത്തലത്തില്‍ കോളജിന്റെ പ്രേവശനാനുമതി നിഷേധിക്കരുതെന്നും എംപി പറഞ്ഞു.  കോളജിന്റെ പ്രവേശനാനുമതി നിഷേധിച്ചാല്‍ കോളജിന്റെയും ആശുപത്രിയുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെട്ട ദുര്‍ബല ജനവിഭാഗങ്ങളുടെ ചികില്‍സ മുടങ്ങും. ഗൗരവതരമായ ഈ സാഹചര്യം കണക്കിലെടുത്ത് അടുത്ത രണ്ട് അധ്യയന  വര്‍ഷത്തെ പ്രേവശനത്തിനു മെഡിക്കല്‍ കോളജിന് അനുമതി നല്‍കണമെന്നാണ് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്. രാജ്യസഭ തള്ളിയ വകുപ്പ് അതേപടി ബില്ലില്‍ ഉള്‍പ്പെടുത്തി 123ാം ഭരണഘടനാ ഭേദഗതി ബില്ലായി ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത് ചാട്ടവിരുദ്ധവും ക്രമവിരുദ്ധവുമാണെന്നു പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പിന്നാക്ക സമുദായ കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിന്റെ അവതരണവേളയിലാണ് എംപി ക്രമപ്രശ്‌നം ഉന്നയിച്ചത്.

RELATED STORIES

Share it
Top