പാരിപ്പള്ളി മെഡിക്കല്‍ കോളജ് : ലോധ കമ്മിറ്റിക്ക് ഹരജി നല്‍കികൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിന് 2017-18 അധ്യായന വര്‍ഷത്തേക്കുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോധാ കമ്മിറ്റിക്ക് ഹരജി നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടും അനുമതി നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശ പുനഃപരിശോധിക്കാന്‍ തയ്യാറാകാത്ത നടപടി ന്യായീകരിക്കാവുന്നതല്ല. സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വം പാവപ്പെട്ട ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നതാണ് എംസിഐ തീരുമാനം. കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട 580 കോടി രൂപ മുടക്കി സജ്ജമാക്കിയ കെട്ടിടങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുന്നത് പൊതുഖജനാവിനുണ്ടാകുന്ന നഷ്ടമാണ്. നിയമാനുസരണമുള്ള നടപടികള്‍ സമയബന്ധിതമായി പാലിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസത്തിന്റെ സാങ്കേതികത്വം പറഞ്ഞ് കോളജിന്റെ അനുമതി തള്ളിയ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം യുക്തിക്ക് നിരക്കുന്നതല്ല. പൊതുഖജനാവിലെ പണം മുടക്കി സജ്ജീകരിച്ച സര്‍ക്കാര്‍ കോളേജിന് അതിന്റേതായ പരിഗണന നല്‍കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തയ്യാറായില്ല. കോളജ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേധാവികളുടെ പക്ഷം ചേര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.  പ്രതിവര്‍ഷം ഇരുപത്തി നാലായിരം രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ മക്കളായ 35 പേര്‍ക്ക് പഠിക്കാനുള്ള സൗകര്യമാണ് കോളജിന് അനുമതി ലഭിച്ചില്ലെങ്കില്‍ നഷ്ടമാകുന്നതെന്നും എംപി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top