പാരാലിംപിക് ഏഷ്യന്‍ ഗെയിംസ്: കേരളത്തില്‍ നിന്നു കായികതാരങ്ങളില്ല

തൃശൂര്‍: ജകാര്‍ത്തയില്‍ ഒക്ടോബര്‍ 6 മുതല്‍ 13 വരെ നടന്ന പാരാലിംപിക് ഏഷ്യന്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒരു കായികതാരം പോലും പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാരും കേരള സ്‌പോര്‍ട്‌സ് കൗ ണ്‍സിലും പാരാലിംപിക് കായികതാരങ്ങള്‍ക്ക് പരിശീലനം ഉള്‍ പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നില്ലെന്ന ആരോപണമുണ്ട്.
താരങ്ങള്‍ സ്വന്തം കൈയില്‍ നിന്നോ കടം വാങ്ങിയോ ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയാല്‍ പോലും സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗ ണ്‍സിലും തിരിഞ്ഞുനോക്കാറില്ലെന്നാണ് പരാതി. റെക്കോര്‍ഡോടെ സ്വര്‍ണമെഡല്‍ നേടിയാലും ഉത്തരേന്ത്യന്‍ ആധിപത്യം കാരണം ചില ഗെയിമുകളില്‍ കേരള താരങ്ങളെ തഴയുന്നതും പതിവാണ്. ഇക്കാരണങ്ങളാല്‍ കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ പോലും പങ്കെടുക്കാനാവുന്നില്ലെന്നും ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള ഭാരവാഹികള്‍ ആരോപിച്ചു.
അതേസമയം, ജകാര്‍ത്തയില്‍ നടന്ന മല്‍സരങ്ങളില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ 72 മെഡലുകള്‍ നേടി. 15 സ്വര്‍ണവും 24 വെള്ളിയും 33 വെങ്കലവുമാണ് നേടിയത്. അത്‌ലറ്റിക്‌സില്‍ 36, ബാഡ്മിന്റണില്‍ 9, ചെസ്സില്‍ 9, സ്വിമ്മിങില്‍ 8, പവര്‍ലിഫ്റ്റിങ്ങില്‍ 4, ഷൂട്ടിങില്‍ 3, ടേബിള്‍ ടെന്നിസില്‍ 1, സൈ ക്ലിങില്‍ 1, ആര്‍ച്ചറിയില്‍ 1 എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില. മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 185 കായികതാരങ്ങളും ഒഫീഷ്യല്‍സും പരിശീലകരുമായി 250ലേറെ പേര്‍ ഇന്ത്യയില്‍ നിന്നു പങ്കെടുത്തു.
മെഡല്‍ നേടിയ കായികതാരങ്ങളെ ഇന്ന് വൈകീട്ട് 6.30നു കേന്ദ്രസര്‍ക്കാര്‍ ഡ ല്‍ഹി ചാണക്യപുരിയിലെ അശോക ഹോട്ടലില്‍ ആദരിക്കും.

RELATED STORIES

Share it
Top