പാന്‍കാര്‍ഡുള്ളവര്‍ ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവരെ ഒഴിവാക്കികെ എ സലിം

ന്യൂഡല്‍ഹി: പാന്‍കാര്‍ഡുള്ളവര്‍ അതിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതി. എന്നാല്‍, ആധാറില്ലാത്തവരെയും അതിനായി അപേക്ഷ നല്‍കി കിട്ടാത്തവരെയും ഈ ഉത്തരവില്‍ നിന്ന് കോടതി ഒഴിവാക്കി.
എല്ലാവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ ഭരണഘടനാ ബെഞ്ചായിരിക്കും അന്തിമവിധി പുറപ്പെടുവിക്കുക. ആദായനികുതി നിയമത്തിന്റെ 139 എ എ വകുപ്പ് പ്രകാരം ജൂലൈ ഒന്നു മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു. കോടതി ഉത്തരവോടെ, ആധാറില്ലാത്തവര്‍ക്ക് ഈ നിയമം ബാധകമാവില്ല.
ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാന്‍കാര്‍ഡ് റദ്ദാക്കുകയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ആധാറില്ലാത്തവര്‍ക്കും അത് അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. ആധാര്‍ വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്നതാണോ എന്ന കേസില്‍ ഭരണഘടനാ ബെഞ്ച് വിധി പറയുംവരെ അത് അങ്ങനെ തന്നെ തുടരും. നിലവില്‍ ആധാറുള്ളവര്‍ അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. 115 കോടി ജനങ്ങളില്‍ 95 ശതമാനം പേര്‍ക്കും ആധാറുണ്ട്. 139 എ എ വകുപ്പ് നിലവില്‍ റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്കും ബാധകമാവില്ല. വ്യാജ പാന്‍കാര്‍ഡുകള്‍ ഇല്ലാതാക്കുകയാണ് 139 എ എയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അത് വിവേചനമുണ്ടാക്കാനോ കാരണമില്ലാത്ത നിയന്ത്രണം കൊണ്ടുവരാനോ ആവരുതെന്നും കോടതി പറഞ്ഞു. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കരുതെന്ന ആവശ്യവും കോടതി തള്ളി. 139 എ എയും ആധാര്‍ നിയമവും തമ്മില്‍ പൊരുത്തപ്പെടാത്തതാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. ആധാര്‍ വിവരങ്ങള്‍ യാതൊരു കാരണവശാലും പുറത്തുപോവാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് ഉറപ്പുവരുത്തണം- കോടതി നിര്‍ദേശിച്ചു.
വ്യാജ പാന്‍കാര്‍ഡും റേഷന്‍കാര്‍ഡും തടയുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ആധാറിനായി വിരലടയാളം ഉള്‍െപ്പടെയുള്ളവ പകര്‍ത്തുന്നത് വ്യക്തിയുടെ അവകാശത്തിന്റെ ലംഘനമല്ലെന്നും ഒരു വ്യക്തിക്ക് അയാളുടെ ശരീരത്തിലുള്ള അവകാശം അന്തിമമല്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top