പാന്‍കാര്‍ഡില്‍ അച്ഛന്റെ പേര്: നിബന്ധന ഒഴിവാക്കണം- മന്ത്രി

ന്യൂഡല്‍ഹി: വിവാഹമോചിതരായ സ്ത്രീകളുടെ മക്കളുടെയും അവിവാഹിതരായ സ്ത്രീകള്‍ ദത്തെടുത്ത കുട്ടികളുടെയും പാന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ അച്ഛന്റെ പേര് നിര്‍ബന്ധമായും ചേര്‍ക്കണമെന്ന നിബന്ധന മാറ്റണമെന്ന്് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയൂഷ് ഗോയലിന് മേനക ഗാന്ധി കത്തെഴുതി. നിലവില്‍ പാന്‍കാര്‍ഡിന് അപേക്ഷ നല്‍കുന്ന രീതിയില്‍ സമൂല മാറ്റം വരുത്തണമെന്നാണ് മേനകയുടെ ആവശ്യം.
നിലവില്‍ പാന്‍കാര്‍ഡിനുള്ള അപേക്ഷ നല്‍കുമ്പോള്‍ പിതാവിന്റെ പേര് നിര്‍ബന്ധമായും ചേര്‍ക്കണം. വിവാഹമോചനം നേടി കുട്ടികളുമായി ജീവിക്കുന്ന സ്ത്രീകളില്‍ പലരും പല സന്ദര്‍ഭങ്ങളിലും തങ്ങളുടെ മുന്‍ ഭര്‍ത്താക്കന്‍മാരുടെ പേരുകള്‍ ഉപയോഗിക്കുന്നതില്‍ തല്‍പരരായിരിക്കില്ല. അതിനു പുറമേ അവിവാഹിതരായി ജീവിക്കുന്ന അമ്മമാര്‍ കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നതിനെയും തന്റെ മന്ത്രാലയം വളരെയധികം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ ദത്തെടുത്ത കുട്ടികളുടെ അച്ഛന്റെ പേര് പാന്‍കാര്‍ഡില്‍ ചേര്‍ക്കാന്‍ സാധ്യമല്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പാന്‍കാര്‍ഡിനുള്ള അപേക്ഷയില്‍ മാറ്റംവരുത്തണമെന്നാണ് മേനക ഗാന്ധിയുടെ ആവശ്യം.

RELATED STORIES

Share it
Top