പാനോം-കുഞ്ഞോം ചുരമില്ലാ വനപാത യാഥാര്‍ഥ്യമാവും

വാണിമേല്‍: വര്‍ഷങ്ങളായി കാത്തിരിക്കുന്ന വിലങ്ങാട് പാനോത്ത് നിന്നും വയനാട്ടിലെ കുഞ്ഞോത്തേക്കുള്ള ചുരമില്ലാ വനപാത ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധിയും പ്രസ്താവന നടത്തിയതോടെ വിലങ്ങാട് മലയോരം ആഹ്ലാദത്തില്‍. നിര്‍ദിഷ്ട മലയോര ഹൈവേയുടെ പൂര്‍ത്തീകരണത്തിന്നായി പാനോം-കുഞ്ഞോം റോഡ് നിര്‍മിക്കേണ്ടി വരുമെന്നാണ് ഇന്നലെ പുതുക്കയത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും നാദാപുരം എംഎല്‍എ ഇ കെ വിജയനും അറിയിച്ചത്. അരനൂറ്റാണ്ടിലേറെയായി മലയോരവാസികളുടെ ആഗ്രഹമാണ് വനത്തിലൂടെയുള്ള ചുരമില്ലാപാത. പാനോം മുതല്‍ കുഞ്ഞോം വരെയുള്ള വനപാതക്കുള്ള അനുമതി ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടപ്പിലാക്കുന്ന മലയോര ഹൈവെയുടെ ഭാഗമായി വനത്തിലൂടെയുള്ള അനുബന്ധ റോഡുകളുടെ പണി കൂടി പൂര്‍ത്തിയാക്കണം. എങ്കിലേ കാസര്‍ക്കോട് നന്ദന്‍ കോട് മുതല്‍-തിരുവനന്തപുരം പാറശ്ശാല വരെയുള്ള റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
മലയോര ഹൈവെയുടെ വിലങ്ങാട് പുല്ലുവാ മുതല്‍ മുടിക്കല്‍ പാലം വരെയുള്ള ഭാഗത്തെ ഭൂമിയുടെ രേഖ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്ന ചടങ്ങിലാണ് മലയോരത്ത് ഏറെ ആഹ്ലാദകരമായ വാര്‍ത്ത പുറത്ത് വന്നത്. പുതുക്കയത്ത് നടന്ന ചടങ്ങില്‍ ഇകെ വിജയന്‍ എംഎല്‍എ രേഖകള്‍ ഏറ്റുവാങ്ങി.
വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ചന്തു മാസ്റ്റര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം കെ മജീദ്, അശ്‌റഫ് കൊറ്റല, കെ ടി കെ ബാബു, എന്‍ പി വാസു, കെ പി രാജീവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യാഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top