പാനേക്കാവ് പാലം പുനര്‍നിര്‍മാണത്തിന് അനുമതിയായി

പെരുമ്പാവൂര്‍: കഴിഞ്ഞ വര്‍ഷം കനത്ത മഴയില്‍ തകര്‍ന്ന പാനേക്കാവ് പാലം പുനര്‍നിര്‍മ്മിക്കുവാന്‍ ഭരണാനുമതി ലഭ്യമായതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.
ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. സാങ്കേതികനുമതി ലഭ്യമാക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു. തകര്‍ന്ന പാലം പൂര്‍ണ്ണമായും പൊളിച്ചു മാറ്റിയാണ് പുനര്‍ നിര്‍മ്മാണം നടത്തുന്നത്.
9.74 മീറ്റര്‍ നീളത്തിലും 8.5 മീറ്റര്‍ വീതിയിലും പാലം നിര്‍മ്മിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. ഇതോടനുബന്ധിച്ചുള്ള റോഡിന്റെ സൈഡിലെ കരിങ്കല്‍ ഭിത്തിയും പൊളിഞ്ഞു പോയിരുന്നു. അവിടെ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചു സുരക്ഷിതമാക്കും. അപ്രോച്ച് റോഡിലെ തകര്‍ന്ന ഭാഗം ടാര്‍ ചെയ്യുന്നതിനും തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
രായമംഗലം ഗ്രാമപഞ്ചായത്തിലെ പികെവി റോഡിലെ പാനേക്കാവ് പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട്  പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വിശദമായ എസ്റ്റിമേറ്റ് സഹിതം കഴിഞ്ഞ വര്‍ഷം നിവേദനം സമര്‍പ്പിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ച് ഉത്തരവിറങ്ങിയത്.
മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top