പാനൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; 5 പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്.ബിജെപി പ്രവര്‍ത്തകനായ കണ്ണംവെള്ളിയിലെ മുത്തേടത്ത് താഴെകുനിയില്‍ റോജി(19), സിപിഎം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ റിജില്‍, ശ്രീരാഗ്, വിബിന്‍, ഷൈന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ സിപിഎം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
അര്‍ധരാത്രി 12 മണിയോടെ കണ്ണംവെള്ളി കല്ലുളപുനത്തില്‍ മടപ്പുര പരിസരത്താണ് സംഭവം. മടപ്പുരയില്‍ ഉത്സവത്തിനെത്തിയവരാണ് ഇവര്‍.
സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി. സംഘര്‍ഷം കണക്കിലെടുത്ത് കണ്ണംവെള്ളി പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
ഏതാനും ദിവസങ്ങളായി പാനൂര്‍ മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അര്‍ധരാത്രി നടന്ന അക്രമണമെന്നാണ് വിലയിരുത്തല്‍.

RELATED STORIES

Share it
Top