പാദപൂജ നടത്തിയ സംഭവം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍: ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ വിവിധ മതസ്ഥരായ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ പോലിസ് മേധാവി, തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരില്‍ നിന്നു കമ്മീഷന്‍ അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടു. റിപോര്‍ട്ട് ലഭ്യമായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവില്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ തൃശൂര്‍ ഡിഇഒയോട് ഡിപിഐ റിപോര്‍ട്ട് തേടി. ഗുരുപൂജയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ഇന്നലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.  സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ മാര്‍ച്ച് പോലിസ് തടഞ്ഞു. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപകര്‍ കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കില്ലെന്നു വിദ്യാര്‍ഥി സംഘടന നേതാക്കള്‍ പറഞ്ഞു. സ്‌കൂളിനു മുന്നിലെ സമരം തുടരുന്നതോടൊപ്പം ജില്ലാതലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്നു കെഎസ്‌യു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നിഖില്‍ മോഹന്‍ പറഞ്ഞു.
ഇതര മതവിശ്വാസികളെ നിര്‍ബന്ധിത പാദപൂജയ്ക്ക് വിധേയമാക്കി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തെ കാവിവല്‍ക്കരിക്കുന്നതിലൂടെ മതേതര കേരളത്തിന്റെ സമാധാനം തകര്‍ക്കാനാണ് സംഘപരിവാരത്തിന്റെ ശ്രമമെന്നു പിഡിപി ജില്ലാ പ്രസിഡന്റ് മജീദ് പറഞ്ഞു.  പാദസേവ നടത്തിച്ച അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്നും  ഇന്നു രാവിലെ 10ന് സ്‌കൂളിലേക്ക് പിഡിപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഗുരുപൂജ എല്ലാ വര്‍ഷവും സ്‌കൂളില്‍ നടക്കുന്നതാണെന്നു സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. പുതുതായി ഈ വര്‍ഷം ഒന്നും നടത്തിയിട്ടില്ല. ആകെ പുതിയതായുള്ളത് ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി ഡിഡിഇക്ക് പരാതി നല്‍കി. സ്‌കൂളുകള്‍ മതകീയ ചടങ്ങുകളുടെ വേദിയാക്കുക വഴി പൊതുവിദ്യാഭ്യാസം ഉയര്‍ത്തുന്ന മതേതരത്വവും മതനിരപേക്ഷതയും ഇല്ലാതാക്കുമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top